ബ്രിട്ടിഷ് പൌരത്വം കിട്ടിയതിനു ശേഷം നാട്ടിലെ ആശുപത്രിയില്‍ പ്രസവം പ്ളാന്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക.പാസ്പോര്‍ട്ട് തിരികെ കിട്ടുന്നതിലുള്ള കാലതാമസം മൂലം പലര്‍ക്കും തിരികെ യു കേയിലെക്കുള്ള യാത്ര വൈകിപ്പിക്കേണ്ടി വരുന്നതായി റിപ്പോര്‍ട്ടുകള്‍.ഇതുമൂലം അവധിക്കു ശേഷം യഥാസമയം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല.പലര്‍ക്കും ശമ്പളമില്ലാതെ അവധി നീട്ടേണ്ടതായും ചിലര്‍ക്ക് ജോലി നഷ്ട്ടപ്പെടാന്‍ വരെ സാധ്യതയുള്ളതായി മാഞ്ചസ്റ്ററില്‍ നിന്നും ലണ്ടനില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിയമപ്രകാരം ഇന്ത്യയില്‍ പ്രസവിക്കുന്ന ബ്രിട്ടിഷ് പാസ്പോര്‍ട്ട് ഉള്ള അമ്മയ്ക്ക് ജനിക്കുന്ന കുട്ടിക്കും ബ്രിട്ടിഷ് പാസ്പോര്‍ട്ട് ലഭിക്കണം.ഇതിനായി ഡല്‍ഹിയിലുള്ള ബ്രിട്ടിഷ് എംബസിയിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.2010 സെപ്തംബര്‍ മുതല്‍ ഈ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതും പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യുന്നതും ഹോങ്കോങ്ങില്‍ നിന്നാണ്.ഇന്ത്യയിലെ നിന്നുള്ള ഫ്രോഡ് അപേക്ഷകള്‍ കൂടിയതും പാസ്പോര്‍ട്ട് വിതരണം കൂടുതല്‍ ഏകീകൃതമാക്കുവാനുമാണ് പാസ്പോര്‍ട്ട് വിതരണം ഹോങ്കോങ്ങിലേക്ക് മാറ്റാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.പാസ്പോര്‍ട്ടിനുള്ള ഫീസിനു പുറമേ 350 രൂപ പോസ്റ്റല്‍ ചാര്‍ജും നല്‍കേണ്ടതുണ്ട്.
അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് മിനിമം പന്ത്രണ്ട് ആഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് എംബസി അധികൃതര്‍ പറയുന്നത്.എന്നാല്‍ ഹോങ്കോങ്ങില്‍ നിന്നും അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ആറു മാസത്തില്‍ കൂടുതല്‍ വേണ്ടി വരുന്നഅവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്.എട്ടു മാസം പൂര്‍ത്തിയായിട്ടും പാസ്പോര്‍ട്ട് കിട്ടാത്തവരുമുണ്ട്.അപേക്ഷകളുടെ ബാഹുല്യവും,കമ്പ്യൂട്ടര്‍ തകരാര്‍ തുടങ്ങിയ കാരണങ്ങളാണ് താമസത്തിനു കാരണമായി അധികൃതര്‍ പറയുന്നത്.അതേ സമയം ഡല്‍ഹി എംബസി അധികൃതരുടെ അനാസ്ഥമൂലമാണ് പാസ്പോര്‍ട്ട് വൈകുന്നതെന്നും ആരോപണമുണ്ട്.
കുട്ടിക്കുള്ള പാസ്പോര്‍ട്ട് അപേക്ഷയ്ക്കൊപ്പം മാതാപിതാക്കളുടെ പാസ്പോര്‍ട്ടും അയക്കേണ്ടതുണ്ട്.യഥാസമയം പാസ്പോര്‍ട്ട് തിരികെ ലഭിക്കാത്തതിനാല്‍ പല കുടുംബങ്ങള്‍ക്കും അവധി നീട്ടേണ്ടതായി വരുന്നു.മെറ്റെണിറ്റി ലീവും ആനുവല്‍ ലീവും കഴിഞ്ഞ പല മലയാളികളും ശമ്പളമില്ലാതെ അവധിയെടുക്കേണ്ട ഗതികേടിലാണ്.കൂടുതല്‍ അവധിയെടുത്താല്‍ഉള്ള ജോലി നഷ്ട്ടപ്പെടുമോ എന്ന ഭീതിയിലാണ് പലരും.സാങ്കേതികമായ കാരണങ്ങള്‍ പറഞ്ഞു പാസ്പോര്‍ട്ട് ലഭിക്കുന്നത് വൈകുന്നത് മലയാളികളെ വളരെയധികം വിഷമിപ്പിക്കുന്നുണ്ട്.
ബ്രിട്ടനില്‍ ജനിക്കുന്ന കുട്ടിക്ക് ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ തന്നെ പാസ്പോര്‍ട്ട് ലഭിക്കുമെന്നതിനാല്‍ കുട്ടി ജനിച്ച് ബ്രിട്ടിഷ് പാസ്പോര്‍ട്ട് ലഭിച്ചതിനു ശേഷം നാട്ടില്‍ അവധിക്കു പോകുന്നതായിരിക്കും യുക്തമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല