സ്വന്തം ലേഖകന്‍: മാത്യു കൊടുങ്കാറ്റിന്റെ സംഹാര താണ്ഡവം തുടരുന്നു, ഫ്‌ലോറിഡയിലും ജോര്‍ജിയയിലും കനത്ത നാശനഷ്ടം, ഹെയ്തിയില്‍ മരണം 842 ആയി. മണിക്കൂറില്‍ 120 മൈല്‍ സ്പീഡില്‍ വീശിയ മാത്യു കൊടുങ്കാറ്റ് ഹെയ്തിയില്‍ കനത്ത നാശനഷ്ടങ്ങളും വിതച്ചു.
ഹെയ്തി തീരത്തു നിന്ന് അമേരിക്കയിലെ ഫ്‌ളോറിഡ തീരത്തേയ്ക്ക് ആഞ്ഞടിച്ച കാറ്റ് വന്‍ നാശ നഷ്ടങ്ങളുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫ്‌ളോറിഡയില്‍ അപകടത്തിപ്പെട്ടവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ മരണ സംഖ്യ ഉയരുമെന്നാണ് പ്രാഥമിക സൂചന. ഹെയ്തിക്കു പുറമേ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, സെന്റ് വിന്‍സന്റ്, ഗ്രാനഡ എന്നിവിടങ്ങളിലും കാറ്റ് താണ്ഡവമാടി.
മാത്യു ഭീഷണിയെ തുടര്‍ന്ന് പ്രസിഡന്റ് ബരാക് ഒബാമ ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കരലീന എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ നിന്ന് 20 ലക്ഷത്തോളം പേരെ ഒഴിപ്പിക്കുകയും ചെയ്തു. ഫ്‌ളോറിഡ തീരത്ത് കനത്ത മഴയോടെ എത്തിയ കാറ്റ് ഇപ്പോഴും 120 മൈല്‍ സ്പീഡില്‍ തന്നെ ആഞ്ഞടിക്കുകയാണ്. നാല് സംസ്ഥാനങ്ങളില്‍ കാറ്റ് നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ മേഖലയിലെ വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല