സ്വന്തം ലേഖകന്‍: താലിബാന്റെ ഗോഡ്ഫാദര്‍ പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍. താലിബാന്റെ ഗോഡ് ഫാദര്‍ എന്ന് അറിയപ്പെട്ടിരുന്ന നേതാവ് മൗലാന സമിയുള്‍ ഹഖ് (82) റാവല്‍പിണ്ടിയിലുള്ള വീട്ടിലാണ് ആക്രമിക്കപ്പെട്ടതെന്നാണ് സൂചന. പാകിസ്താനിലെ മാധ്യമങ്ങളാണ് ഹഖ് കൊല്ലപ്പെട്ട വിവരം ആദ്യം പുറത്ത് വിട്ടത്. താലിബാനടക്കമുള്ള തീവ്രവാദ സംഘടനകളെ അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ ‘താലിബാന്റെ പിതാവ്’ എന്ന് ലോകം വിളിച്ച് തുടങ്ങിയത്.
പാക്ക് തലസ്ഥാനമായ ഇസ്ലാമബാദില്‍ നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാന്‍ ഹഖ് പുറപ്പെട്ടെങ്കിലും ഗതാഗത തടസം കാരണം വസതിയിലേക്ക് തന്നെ മടങ്ങി. വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥനും പുറത്ത് പോയിരുന്നു. ഈ സമയത്താണ് അജ്ഞാതരായ അക്രമികളുടെ ആക്രമണമുണ്ടായതെന്ന് ഹഖിന്റെ മകന്‍ ഹമിദുല്‍ പറഞ്ഞതായി പാക്ക് മാധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അച്ഛന്റെ ശരീരത്തില്‍ അക്രമികള്‍ നിരവധി തവണ കുത്തിയതിന്റെ പാടുകളുണ്ടായിരുന്നുവെന്നും ഹമിദുല്‍ കൂട്ടിച്ചേര്‍ത്തു. ഹഖിന്റെ സുരക്ഷാഭടന്‍ മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹം രക്തത്തില്‍കുളിച്ച നിലയിലായിരുന്നു. ഹഖ് അക്രമക്കപ്പെടുമ്പോള്‍ ബന്ധുക്കള്‍ ആരും വീട്ടിലുണ്ടായിരുന്നില്ലെന്ന് ജെയുഐഎസ് നേതാവ് മൗലാന അബ്ദുല്‍ മജീദ് പറഞ്ഞു. ഹഖിന്റെ മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി റാവല്‍പിണ്ടിയിലെ ഡിഎച്ച്ക്യു ആശുപത്രിയിലേക്കു മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല