സ്വന്തം ലേഖകൻ: ഒമാനിലെ യാത്രക്കാർക്ക് ആശ്വാസം പകരുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മുവാസലാത്ത് യുഎഇ ബസ് സർവിസുകൾ പുനഃരാരംഭിക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ ആണ് ഇവർ സർവീസുകൾ ആരംഭിക്കുന്നത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. അൽഐൻ വഴി അബുദാബിയിലേക്കായിരിക്കും സർവിസ് നടത്തുക.
ബസിന്റെ ടിക്കറ്റ് നിരക്കും പുറത്തുവിട്ടിട്ടുണ്ട്. വൺവേ ടിക്കറ്റ് നിരക്ക് 11.5 റിയാൽ ആയിരിക്കും. യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാൻ അനുവദിക്കും. രാവിലെ 6.30ന് ആയിരിക്കും ബസ് പുറപ്പെടുക. അസൈബ ബസ് സ്റ്റേഷനിൽനിന്ന് ബസ് പുറപ്പെടും. 11ന് ബുറൈമിയിൽ എത്തിച്ചേരും. പിന്നീട് ഉച്ചക്ക് ഒരു മണിക്ക് അൽ ഐനിൽ എത്തും. അവിടെ നിന്നും 3.40ന് അബുദബി ബസ് സ്റ്റേഷനിലും എത്തും.
അബുദാബിയിൽ നിന്നും രാവിലെ 10.40ന് പുറപ്പെടുന്ന ബസ് രാത്രി 8.35ന് മസ്‌കത്തിൽ എത്തും. കൊവിഡ് പടർന്നു പിടിച്ചപ്പോൾ ആണ് യുഎഇയിലേക്ക് ബസ്സർവിസുകൾ മുവാസലാത്ത് നിർത്തിവെച്ചത്. ഇതാണ് ഇപ്പോൾ വീണ്ടും ആരംഭിക്കുന്നത്. എന്നാൽ ദുബായിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല