സ്വന്തം ലേഖകൻ: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ കെ.എം സച്ചിൻദേവും വിവാഹിതരായി. എ.കെ.ജി സെന്ററിൽ സെപ്തംബർ 4 ന് രാവിലെ 11 മണിയോടെ നടന്ന ലളിതമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളള മുതിർന്ന നേതാക്കൾ പങ്കെടുത്തു.
നേതാക്കൾ കൈമാറിയ മാല പരസ്പരം ചാർത്തി കൈകൊടുത്താണ് ഇരുവരും വിവാഹിതരായത്. മുഖ്യമന്ത്രി, സി.പി.എം തിരുവനന്തപുരം-കോഴിക്കോട് ജില്ലാ സെക്രട്ടറിമാർ അടുത്ത ബന്ധുക്കൾ എന്നിവരാണ് വേദിയിലുണ്ടായിരുന്നത്. പ്രമുഖ നേതാക്കളെല്ലാം ഇരുവർക്കും ആശംസകളറിയിക്കാൻ എത്തി. മുഖ്യമന്ത്രി കുടുംബസമേതം എത്തിയാണ് ചടങ്ങിൽ പങ്കെടുത്തത്.
ലളിതമായ ചടങ്ങായാണ് വിവാഹമെന്ന് ഇരുവരുടെയും വിവാഹ ക്ഷണക്കത്തില്‍ സൂചിപ്പിച്ചിരുന്നു. വിവാഹത്തിന് സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നും സ്‌നേഹോപഹാരങ്ങള്‍ നല്‍കണം എന്നുളളവര്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലോ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ നല്‍കണമെന്നും ഇരുവരും അഭ്യർഥിച്ചു.
നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്, രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തിയത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്.
തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസ്സിലാണ് ആര്യ മേയറായത്. എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാലാ ഏരിയ കമ്മിറ്റിയംഗവുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല