ബോണ്‍മൗത്ത് : സപ്തസ്വരങ്ങളില്‍ മഴവില്ലൊരുക്കാന്‍ മഴവില്‍ സംഗീതം ജൂണ്‍ 13 നു ബോണ്‍മൌത്തില്‍ മൂന്നു മണി മുതല്‍ നടക്കും. ജന പ്രിയ പരിപാടിയായി മാറി ക്കൊണ്ടിരിക്കുന്ന മഴവില്‍ സംഗീതത്തിന് ഇക്കുറി തിരി തെളിക്കാനെത്തുന്നത് യുക്മ പ്രസിഡന്റ് ശ്രീ ഫ്രാന്‍സിസ് കവളക്കാട്ടില്‍, ആതുര സേവന രംഗത്ത് സജീവയായ ശ്രീമതി അജിമോള്‍ പ്രദീപ്, യുക്മ സെക്രെടറി ശ്രീ സജീഷ് ടോം, യുക്മ സാംസ്‌കാരിക വേദി കണ്‍വീനറും നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീ സി എ ജോസഫ് , കഴിഞ്ഞ വര്‍ഷത്തെ യുക്മ കലാതിലകം മിന്നാ ജോസ് തുടങ്ങിയ പ്രമുഖരാണ്. സ്വന്തം ശരീരം മറ്റൊരാള്‍ക്ക് പകുത്ത് നല്കി നന്മയുടെ ആള്‍ രൂപമായ അഡ്വ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടിലിനോപ്പം വൃക്ക ദാനം യുകെയില്‍ ഏറ്റവുമധികം പ്രചരിപ്പിച്ച് യുകെയിലെ ഏഷ്യന്‍ സമൂഹത്തിന്റെ മുഴുവന്‍ ആദരവിന് പാത്രമായ ഡോക്ടര്‍ അജിമോള്‍ പ്രദീപും ഉത്ഘാടനം ചെയ്യാനെത്തുമ്പോള്‍ മഴവില്‍ സംഗീതത്തിന് വലിയൊരു അംഗീകാരം കൂടിയാകും. സാമൂഹിക സാംസ്‌കാരിക രംഗത്ത് സജീവമായ യുക്മ നാഷണല്‍ സെക്രെടറി ശ്രീ സജീഷ് ടോം തുടക്കം മുതല്‍ തന്നെ മഴവില്‍ സംഗീതത്തിന് പിന്തുണയുമായി രംഗത്തുണ്ട്. യുക്മ സാംസ്‌കാരിക വേദി കണ്‍വീനറായ ശ്രീ സി എ ജോസഫ് നടനെന്ന നിലയില്‍ യുകെ മലയാളികളുടെയിടയില്‍ സുപരിചിതനാണ്. കഴിഞ്ഞ വര്‍ഷത്തെ യുക്മ കലാതിലകം മിന്നാ ജോസ് കഴിഞ്ഞ മൂന്ന് വര്‍ഷമായി മഴവില്‍ സംഗീതത്തിന്റെ വേദികളില്‍ സജീവ സാന്നിധ്യമാണ്.
അവയവ ദാനത്തിന്റെ മഹത്വം യുകെയിലുടനീളം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍ അജിമോളുടെ നേതൃത്വത്തില്‍ പ്രത്യേക കാമ്പയിനിങ്ങും മഴവില്‍ സംഗീത വേദിയില്‍ സംഘാടകര്‍ ഒരുക്കുന്നുണ്ട്.
സംഗീതത്തെ സ്‌നേഹിക്കുന്ന ബോണ്‍മൌത്തിലെ ഒരു പിടി കലാകാരന്മാര്‍ രൂപം കൊടുത്ത മഴവില്‍ സംഗീതം കഴിഞ്ഞ മൂന്നു വര്‍ഷമായി യുകെയിലെ ഗായകരെ ഉള്‍പ്പെടുത്തി നടത്തി വരുന്നു. ഓരോ വര്‍ഷവും പുതുമയുള്ളതും ഗ്രഹാതുരത്വമുണര്‍ത്തുന്നതുമായ ഗാനങ്ങളുമായെത്തുന്ന മഴവില്‍ സംഗീതം പ്രവര്‍ത്തകര്‍ പുതിയ ഗായകര്‍ക്ക് അവസരമൊരുക്കുന്നതിനും ഒപ്പം പാടാന്‍ കഴിവുള്ള കുഞ്ഞുങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഗാനങ്ങളിലുപരി വിവിധ നൃത്ത പരിപാടികളും വേദിയില്‍ അവതരിപ്പിക്കപ്പെടും. അന്‍പതോളം ഗാനങ്ങളും പത്തോളം നൃത്തങ്ങളും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് നല്ലൊരു കലാ സായാഹ്നം ഒരുക്കുന്നതിനുള്ള പുറപ്പാടിലാണ് അണിയറ പ്രവര്‍ത്തകര്‍. ബോണ്‍മൌത്തിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ മലയാളി കൂട്ടായ്മകളുടെയും അസോസിയേഷനുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന സംഗീത സായാഹ്നത്തിന് കൂടുതല്‍ പേര്‍ പിന്തുണയുമായെത്തുന്നുണ്ട്. പ്രമുഖ ഗായകരായ ശ്രീ അനീഷ് ജോര്‍ജും പത്‌നി ശ്രീമതി ടെസ്സ്‌മോള്‍ ജോര്ജുമാണ് മഴവില്‍ സായാഹ്നത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ പ്രമുഖര്‍. ബോണ്‍മൗത്തില്‍ തന്നെ നേഴ്‌സ്മാരായി ജോലി നോക്കുന്ന ദമ്പതികളുടെ അക്ഷീണ പ്രയത്‌നം തന്നെയാണ് മഴവില്‍ സായാഹ്നത്തെ ജനകീയമാക്കിയതും. പൊതു പ്രവര്‍ത്തന രംഗത്തും സജീവമായ ശ്രീ അനീഷ് ജോര്‍ജ് യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ ചാരിറ്റി കോര്‍ഡിനെറ്ററായി പ്രവര്‍ത്തിക്കുന്നു. ബോണ്‍മൌത്തിലെ വെസ്റ്റ് മൂര് മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന മൂന്നു മണിക്കൂറിലധികം നീളുന്ന പരിപാടിക്ക് വിവിധ ക്രമീകരണങ്ങള്‍ സംഘാടകര്‍ കാണികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഭക്ഷണ ശാല മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമായിരിക്കും.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
West Moor Memorial Hall
231 STATION ROAD
WESTMOOR . BOURNEMOUTH
BH22 0HZ
Contact No: 07915061105
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല