സ്വന്തം ലേഖകന്‍: മസൂദ് അസ്ഹര്‍ ആഗോള ഭീകരരുടെ പട്ടികയില്‍; ഇത് അമേരിക്കന്‍ നയതന്ത്രവിജയമെന്ന് മൈക്ക് പോംപിയോ; പാകിസ്താന് കടുത്ത സ്വരത്തില്‍ താക്കീതും. മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് അമേരിക്കയുടെ നയതന്ത്രവിജയമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. മസൂദ് അസറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പ്രമേയത്തെ അനുകൂലിക്കാന്‍ ഇത്രനാളും തടസ്സവാദങ്ങള്‍ ഉന്നയിച്ചത് ചൈനയായിരുന്നു.
രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിനാല്‍ ഇനി തടസ്സം നില്‍ക്കില്ലെന്ന ചൈനയുടെ നിലപാടോടു കൂടിയാണ് മസൂദ് അസര്‍ ആഗോളഭീകരനായി പ്രഖ്യാപിക്കപ്പെടുന്നത്. ‘ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ്അസ്ഹറിന്റെ വിഷയത്തില്‍ പിന്തുണച്ച മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. നാളുകളായി കാത്തിരുന്ന ഈ വിജയം അമേരിക്കന്‍ നയതന്ത്രത്തിന്റെ വിജയമാണ്. മാത്രമല്ല തീവ്രവാദത്തിനെതിരേ നിലകൊണ്ട അന്താരാഷ്ട്ര സമൂഹത്തിന്റെ കൂടി വിജയമാണത്. ഇത് പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാനുള്ള അതിപ്രധാനമായ കാല്‍വെപ്പുകൂടിയാണ്’, പോംപിയോ ട്വിറ്ററില്‍ കുറിച്ചു.
10 വര്‍ഷത്തിനു ശേഷം തടസ്സവാദം നീക്കിയ ചൈനയുടെ നടപടി ഉചിതമായ കാര്യമാണ് ചെയ്തതെന്ന് വൈറ്റ് ഹൗസ് പ്രതിനിധി അറിയിച്ചിരുന്നു. തീവ്രവാദത്തിനെതിരെയുള്ള തങ്ങളുടെ നിലപാട് വെറും വാചകമടി മാത്രമല്ലെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൈന തിരിച്ചറിഞ്ഞെന്നും വൈറ്റ് ഹൗസ് പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍. ഇതവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാനു നല്‍കിവരുന്ന എല്ലാ സബ്‌സിഡികളും വ്യാപാര മുന്‍ഗണനകളും താത്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് നല്‍കി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 51 യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ സംയുക്തമായി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല