സ്വന്തം ലേഖകന്‍: സെനറ്ററും വിയറ്റ്‌നാം യുദ്ധവീരനുമായ മക്‌കെയിനോട് ട്രംപ് അനാദരവ് കാട്ടിയെന്ന് ആരോപണം; പതാക ഉയര്‍ത്തിക്കെട്ടാനുള്ള ഉത്തരവ് പിന്‍വലിച്ചു. ശനിയാഴ്ച അന്തരിച്ച റിപ്പബ്ലിക്കന്‍ സെനറ്ററും വിയറ്റ്‌നാം യുദ്ധവീരനുമായ മക്‌കെയിനോടുള്ള ആദരസൂചകമായി വൈറ്റ്ഹൗസില്‍ താഴ്ത്തിക്കെട്ടിയ ദേശീയ പതാക വീണ്ടും ഉയര്‍ത്താന്‍ തിങ്കളാഴ്ച ട്രംപ് ഉത്തരവിട്ടു.
മക്‌കെയിനോട് അനാദരവു കാട്ടുന്നതിനെ ചോദ്യംചെയ്ത് സെനറ്റര്‍മാരും മുന്‍ സൈനികരുടെ സംഘടനയും രംഗത്തുവന്നതോടെ ട്രംപിന് ഉത്തരവു പിന്‍വലിക്കേണ്ടിവന്നു. സംസ്‌കാരം പൂര്‍ത്തിയാകുന്നതുവരെ പതാക താഴ്ത്തിക്കെട്ടാനുള്ള പ്രഖ്യാപനത്തില്‍ അദ്ദേഹം ഒപ്പുവച്ചു. വൈറ്റ്ഹൗസിലും കാപ്പിറ്റോളിലും സൈനിക കേന്ദ്രങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലും പതാക പകുതി താഴ്ത്തിക്കെട്ടണം. ഞായറാഴ്ച നാവിക അക്കാഡമി സെമിത്തേരിയിലാണു സംസ്‌കാരം.
മക്‌കെയിന്റെ വിയോഗത്തില്‍ ട്രംപ് അനുശോചനം അറിയിച്ചെങ്കിലും അദ്ദേഹത്തെ കാര്യമായി പുകഴ്ത്താന്‍ തയാറായില്ല. സംസ്‌കാരചടങ്ങില്‍ പങ്കെടുക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഒരേ പാര്‍ട്ടിക്കാരാണെങ്കിലും ഇരുവരും തമ്മില്‍ ശത്രുതയിലായിരുന്നു.ട്രംപിന്റെ കുടിയേറ്റവിരുദ്ധത, മാധ്യമവിരുദ്ധത, റഷ്യന്‍ പ്രസിഡന്റ് പുടിനോടുള്ള അടുപ്പം തുടങ്ങിയവയ്‌ക്കെതിരേ മക്‌കെയിന്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല