മക് ഡൊണാള്‍ഡിന്റെ ലോകത്തെ ആദ്യത്തെ വെജിറ്റേറിയന്‍ റസ്‌റ്റോറന്റ് ഉത്തരേന്ത്യയിലെ അമൃതസറില്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം തുറക്കുമെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. അടുത്ത വര്‍ഷം പകുതിയോടെ റസ്‌റ്റോറന്റ് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. സിഖ് മതവിശ്വാസികളുടെ പുണ്യസ്ഥലമായ അമൃത്സറില്‍ സുവര്‍ണ്ണക്ഷേത്രത്തിന് സമീപം മാംഭക്ഷണങ്ങള്‍ വില്‍ക്കുന്നതിന് നിരോധനമുണ്ട്. ലോകത്ത് തന്നെ ആദ്യമായാണ് മക്‌ഡൊണാള്‍ഡ് പൂര്‍ണ്ണമായും ഒരു വെജിറ്റേറിയന്‍ റസ്റ്റോറന്റ് ആരംഭിക്കുന്നതെന്ന് മക്‌ഡൊണാള്‍ഡിന്റെ ഇന്ത്യയിലെ വക്താവ് രാജേഷ് കുമാര്‍ മൈനി പറഞ്ഞു. ഭൂരിഭാഗം ഇന്ത്യക്കാരും വെജിറ്റേറിയന്‍സ് ആയതിനാല്‍ ഇന്ത്യയില്‍ ഇതിന് വന്‍ സാധ്യതയാണ് ഉളളതെന്ന് രാജേഷ് കുമാര്‍ അറിയിച്ചു.
അമൃത്സറിലെ റസ്റ്റോറന്റ് തുടങ്ങിയതിന് ശേഷം കാശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിന് സമീപത്തും ഒരു വെജിറ്റേറിയന്‍ റസ്റ്റോറന്റ് തുടങ്ങാന്‍ മക്‌ഡൊണാള്‍ഡിന് പദ്ധതിയുണ്ട്. പ്രതിവര്‍ഷം പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് കാശ്മീരിലെ ഈ ഗുഹാക്ഷേത്രം സന്ദര്‍ശിക്കുന്നത്. മക്‌ഡൊണാള്‍ഡിന്റെ ഇന്ത്യന്‍ മെനുവില്‍ അന്‍പത് ശതമാനവും വെജിറ്റേറിയന്‍ വിഭവങ്ങളാണ്. ഉരുളക്കിഴങ്ങുകൊണ്ട് ഉണ്ടാക്കുന്ന മക്ആലൂ ടിക്കി ബര്‍ഗറാണ് മക്‌ഡൊണാള്‍ഡിന്റെ ഇന്ത്യന്‍ റസ്റ്റോറന്റുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഭക്ഷണം. മൊത്തം വിറ്റുവരവിന്റെ നാലിലൊന്നും ഇതാണ്. ചിക്കന്‍ വിഭവങ്ങളില്‍ മഹാരാജ മാക് ആണ് ആളുകളുടെ ഇഷ്ടവിഭവം.
സബ്ബ് വേ കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ റസ്‌റ്റോറന്റ് ശ്യംഖലയാണ് മക്‌ഡൊണാള്‍ഡിന്റേത്. തദ്ദേശീയമായ രുചികളോട് സാമ്യം പുലര്‍ത്തുന്ന ഭക്ഷണമാണ് മക്‌ഡൊണാള്‍ഡ് തങ്ങളുടെ റസ്റ്റോറന്റുകളില്‍ നല്‍കാറുളളത്. ഇന്ത്യന്‍ റസ്‌റ്റോറന്റുകളിലെ മെനുവില്‍ ബീഫോ പോര്‍ക്കോ അടങ്ങിയ വിഭവങ്ങള്‍ മക്‌ഡൊണാള്‍ഡ് നല്‍കാറില്ല. ബീഫ് ഹിന്ദു വിശ്വാസികള്‍ക്കും പോര്‍ക്ക് മുസ്ലീം വിശ്വാസികള്‍ക്കും കഴിക്കാന്‍ പാടില്ലാത്തതിനാലാണ് ഇത്. ലോകത്താകമാനം 33,000 മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റുകള്‍ ഉണ്ടെങ്കിലും ഇന്ത്യയില്‍ വെറും 271 എണ്ണം മാത്രമേ ഉളളൂവെന്ന് രാജേഷ് കുമാര്‍ മൈനി ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല