സ്വന്തം ലേഖകന്‍: മിനയില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 769 ആയി, എട്ടു പേര്‍ മലയാളികള്‍. വ്യാഴാഴ്ച ദുരന്തത്തില്‍ മരിച്ച ഹജ് തീര്‍ഥാടകരില്‍ ഒന്നര വയസ്സുള്ള കുഞ്ഞടക്കം ആറു മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. ഇതോടെ എട്ടു മലയാളികളടക്കം 29 ഇന്ത്യക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തില്‍ മൊത്തം 934 പേര്‍ക്കാണു പരുക്കേറ്റതെന്നും സൗദി ആരോഗ്യമന്ത്രി ഖാലിദ് അല്‍ ഫലീഹ് അറിയിച്ചു.
പൊന്നാനി ഉറൂബ് നഗര്‍ പുതുവീട്ടില്‍ കുഞ്ഞുമോന്‍ (55), അബ്ദുല്‍ റഹ്മാന്‍ ആശാരിത്തൊടി, കൊല്ലം ചിതറ പേഴുംമൂട് മണ്ണറക്കോട് ജമാഅത്തിനു സമീപം ഷിബില്‍ മന്‍സിലില്‍ അബ്ദുല്‍കലാമിന്റെ മകന്‍ സുല്‍ഫിക്കര്‍ (33), പുനലൂര്‍ ചെമ്മന്തൂര്‍ സലീനാ മന്‍സിലില്‍ പരേതനായ കെ.എം. ഹബീബിന്റെ മകന്‍ സജീവ് ഹബീബ് (46), കരുനാഗപ്പള്ളി കോഴിക്കോട് കോയിക്കല്‍ ഉപ്പൂട്ടിക്കടയില്‍ മുഹമ്മദ് ഷാഫിയുടെ ഭാര്യ ആമിന, കോഴിക്കോട് ഫറോക്ക് കല്ലംപാറ കുളങ്ങര വീട്ടില്‍ അബ്ദുല്‍ മുനീറിന്റെ മകന്‍ മുഹമ്മദ് ഫായിസ് (ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ തിരിച്ചറിഞ്ഞത്.
റിയാദില്‍നിന്നു മാംഗ്ലൂര്‍ ഹജ് സര്‍വീസ് ഗ്രൂപ്പിന്റെ ചുമതലയില്‍ തീര്‍ഥാടനത്തിനെത്തിയവരാണു മിക്കവരും. ഗ്രൂപ്പിനു കീഴിലെത്തിയ സംഘത്തിന്റെ തലവനായിരുന്നു സുല്‍ഫിക്കര്‍. ഇദ്ദേഹത്തിന്റെ മാതാവ് ലൈലാ ബീവി, ഫായിസിന്റെ പിതാവ് അബ്ദുല്‍ മുനീര്‍, മാതാവ് സബിനാസ്, ആമിനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷാഫി എന്നിവരടക്കം ഈ സംഘത്തിലെ കാണാതായ അഞ്ചു പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ജിദ്ദയില്‍നിന്നു തീര്‍ഥാടനത്തിനെത്തിയ മലപ്പുറം കോട്ടപ്പടി ചെകിടപ്പുറത്ത് സമീറിനെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല.
അപകടത്തില്‍ മരിച്ച തീര്‍ഥാടകരെയെല്ലാം തിരിച്ചറിയാന്‍ സമയമെടുക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. മോര്‍ച്ചറിയിലേക്കു മാറ്റിയശേഷം മൃതദേഹങ്ങളുടെ ഫോട്ടോ ബന്ധുക്കളെയും ഹജ് ഗ്രൂപ്പ് തലവന്മാരെയും കാണിച്ചാണു തിരിച്ചറിയാന്‍ ശ്രമിക്കുന്നത്. മൃതദേഹങ്ങളുടെ വിരലടയാളം തീര്‍ഥാടക ഡേറ്റബേസിലുള്ള വിരലടയാള വിവരങ്ങളുമായി ഒത്തുനോക്കി തിരിച്ചറിയാനും ശ്രമിക്കുന്നു. കാണാതായ അറുന്നൂറോളം പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല.
അപകടത്തില്‍പ്പെട്ട തീര്‍ഥാടകരുടെ വിവരങ്ങള്‍ അറിയാന്‍ സൗദി ആരോഗ്യമന്ത്രാലയം 24 മണിക്കൂര്‍ രാജ്യാന്തര ഹെല്‍പ്‌ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി. നമ്പര്‍: 009 66 11 212 55 52.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല