സ്വന്തം ലേഖകന്‍: മിനായിലെ കല്ലേറു കര്‍മ്മത്തിനിടെ വന്‍ ദുരന്തം, മരണം 700 കവിഞ്ഞു, മരിച്ചവരില്‍ രണ്ടു മലയാളികള്‍. 863 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് രാമനാട്ടുകര സ്വദേശി അബ്ദുര്‍റഹ്മാന്‍, കണ്ണൂര്‍ കണിയാങ്കണ്ടി അബൂബക്കര്‍ ഹാജി എന്നിവരാണ് മരിച്ച മലയാളികള്‍. കണ്ണൂര്‍ അഴീക്കല്‍ സ്വദേശിയായ മുഹമ്മദ് എന്നയാളും മരിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹം അപകടത്തില്‍പ്പെട്ടല്ല മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ട് മലയാളികള്‍ക്ക് പരുക്കേല്‍ക്കുകയും ഒരാളെ കാണാതാകുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ 13 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി സ്ഥിരീകരിച്ചു. 717 പേര്‍ മരിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് അധികൃതരാണ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ സഊദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു. 1990 ന് ശേഷം മക്കയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇന്നത്തേത്. സഊദി സമയം രാവിലെ പതിനൊന്ന് മണിയോടെയാണ് ജംറത്തുല്‍ കുബ്‌റയില്‍ അപകടം ഉണ്ടായത്.
സുഖുല്‍ അറബ് റോഡിനും കിങ് ഫഹദ് റോഡിനും ഇടയിലുള്ള 204 മത്തെ സ്ട്രീറ്റിലാണ് അപകടം. ചൂട് വര്‍ധിക്കുന്നതിന് മുമ്പായി കല്ലേറ് പൂര്‍ത്തിയാക്കി മടങ്ങാനായി ധാരാളം പേര്‍ എത്തിയതാണ് അപകട കാരണം. ദുരന്തം നടക്കുമ്പോള്‍ നാലായിരത്തോളം ഹാജിമാര്‍ ഇവിടെ ഉണ്ടായിരുന്നു. തിരക്ക് നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ തിരസ്‌കരിച്ച് ഹാജിമാര്‍ കൂട്ടമായി എത്തിയതാണ് ദുരന്തത്തിന് ഇടയാക്കിയത്. കല്ലെറിയാന്‍ വരുന്നവരും എറിഞ്ഞ് മടങ്ങുന്നവരും ഒരേ വഴിയില്‍ പ്രവേശിച്ചതോടെ തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല