സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ മക്കയില്‍ ഒരുങ്ങുന്നു, ചെലവ് 350 കോടി റിയാല്‍. അബ്രാജ് കുദയ് എന്നു പേരിട്ടിരിക്കുന്ന ഈ ഹോട്ടലിന് 14 ലക്ഷം ചതുരശ്ര മീറ്ററാണു വിസ്തൃതി. 40,000 മുറികളുള്ള ഹോട്ടലിന്റെ 24,133 മുറികളുടെ നിര്‍മാണം പൂര്‍ത്തിയായി. 70 റസ്‌റ്റോറന്റുകള്‍, 4 ഹെലിപാഡുകള്‍, ഷോപ്പിംഗ് മാളുകള്‍, കണ്‍വന്‍ഷന്‍ സെന്റര്‍, ബസ് സ്‌റ്റേഷന്‍, പ്രാര്‍ഥനാ ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും ഹോട്ടലില്‍ ഒരുക്കും.
ദാര്‍ അല്‍ ഹാന്‍ഡാസ ഗ്രൂപ്പാണ് അബ്രാജ് കുദയ് ഹോട്ടല്‍ രൂപകല്‍പന ചെയ്തത്. 350 കോടി റിയാല്‍ ചെലവു വരുന്ന ഹോട്ടല്‍ സമുച്ചയം 2019 ല്‍ പൂര്‍ത്തിയാക്കാനാണു പദ്ധതി. ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ ഹോട്ടല്‍ ദുബായിയിലാണ്. ഹജ്, ഉംറ തീര്‍ഥാടകരെ ലക്ഷ്യമിട്ടാണ് മക്കയില്‍ അബ്രാജ് കുദയ് നിര്‍മാണം പുരോഗമിക്കുന്നത്.
ഹറം പള്ളിയുടെ വികസനം പൂര്‍ത്തിയാകുന്നതോടെ വിദേശ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നും 2025 ആകുമ്പോഴേക്കും പ്രതിവര്‍ഷം ഒന്നേമുക്കാല്‍ കോടി തീര്‍ഥാടകര്‍ എത്തുമെന്നുമാണു പ്രതീക്ഷ. ഹോട്ടല്‍ വ്യവസായ മേഖലയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വികസനം നടക്കുന്നത് മക്കയിലാണ്. ലോകത്തെ ഏറ്റവും വലിയ ക്ലോക്ക്, ലോകത്തെ ഏറ്റവും വലിയ മടക്കാവുന്ന കുട എന്നിവയും മക്കയുടെ ആകര്‍ഷണമാകാന്‍ ഒരുങ്ങുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല