സ്വന്തം ലേഖകന്‍: മക്ക ഹറം പള്ളി അപകടം, മരണം 107 ആയി, മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും. ശക്തമായ കാറ്റിലും മഴയിലും മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാലക്കാട് കല്‍മണ്ഡപം മീനാനഗര്‍ പത്താംനമ്പര്‍ വീട്ടില്‍ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ തത്തമംഗലം സ്വദേശിനി മൂമിനയാണ് മരിച്ചത്. മുഹമ്മദ് ഇസ്മയിലിനൊപ്പം നാലു ദിവസം മുമ്പാണ് മുപ്പത്തൊമ്പതു വയസുള്ള മൂമിന മക്കയിലേക്ക് പോയത്.
സൗദി സിവില്‍ ഡിഫന്‍സ് അധികൃതര്‍ ദുരന്തം സ്ഥിരീകരിച്ചു. ഹജ്ജിന് 10 ദിവസത്തോളം ബാക്കി നില്‍ക്കെയാണ് ദുരന്തം. വെള്ളിയാഴ്ചയായതിനാല്‍ മക്കയില്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയിരുന്നു. അതുകൊണ്ടുതന്നെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ഹറം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ക്രെയിനുകളിലൊന്നാണ് വെള്ളിയാഴ്ച വൈകിട്ട് തകര്‍ന്നുവീണത്.
ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് ശക്തമായ പൊടിക്കാറ്റു വീശിയത്. രണ്ടു മണിക്കൂറോളം വീശിയ പൊടിക്കാറ്റിനുശേഷം ഇടിയോടുകൂടിയ മഴയുമുണ്ടായി. അപ്പോഴേക്കും ജുമുഅ നിസ്‌കാരം കഴിഞ്ഞ് ഹാജിമാര്‍ മിക്കവരും താമസസ്ഥലങ്ങളില്‍ മടങ്ങിയെത്തിയിരുന്നു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപവത്കരിച്ചതായി മക്ക ഗവര്‍ണര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ അറിയിച്ചു.
ഹറം പള്ളി വിപുലപ്പെടുത്തുന്നതിനുള്ള പണികള്‍ നടക്കുന്നതിനാല്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹജ്ജിനെത്തുന്നവരുടെ എണ്ണത്തില്‍ സൗദി കഴിഞ്ഞവര്‍ഷം കുറവു വരുത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയാണ് മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്. പ്രതിവര്‍ഷം 70 ലക്ഷം തീര്‍ഥാടകര്‍ ഇവിടെയെത്തുന്നുവെന്നാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല