കോട്ടയം:കുഴിയിലേക്കു കാലുംനീട്ടി ഇരിക്കുന്നവര്‍ക്ക് ഇനി …സ്വര്‍ഗത്തിലേക്ക് വണ്ടിവിളിച്ചുപോകാം. വണ്ടി റെഡിയാണ്. പേര് സ്വര്‍ഗീയരഥം. കോട്ടയം കൂരോപ്പട ഉറുമ്പില്‍ വീട്ടില്‍ ജോസ് ആണ് സ്വര്‍ഗീയരഥം രൂപകല്പന ചെയ്തത്. ശവസംസ്‌കാര ചടങ്ങുകളില്‍ ശവപ്പെട്ടികള്‍ കയറില്‍ കെട്ടി കുഴിയിലേക്കിറക്കുന്നത് ഒഴിവാക്കാനാണ് ജോസ് സ്വര്‍ഗീയരഥം അണിയിച്ചൊരുക്കിയത്. സ്വര്‍ഗീയ രഥത്തിന്റെ സഹായത്തോടെയുള്ള ആദ്യ ശവസംസ്‌കാരം ഇന്നലെ പങ്ങട എസ്എച്ച് പള്ളിയിലെ സെമിത്തേരിയില്‍ നടന്നു. 20 വര്‍ഷമായി മനസ്സിലിട്ടു നടന്ന ആശയമാണ് ഒടുവില്‍ യന്ത്രമായി ജോസ് പുറത്തിറക്കിയത്. ശവസംസ്‌കാര ചടങ്ങുകളില്‍ കുഴികളിലേക്കു ശവപ്പെട്ടി ഇറക്കുമ്പോഴുള്ള പ്രശ്‌നങ്ങളാണ് ഈ ആശയത്തിലേക്കു നയിച്ചതെന്നു ജോസ് പറഞ്ഞു.
കയറില്‍ കെട്ടി പെട്ടി ഇറക്കുമ്പോള്‍ ആളുകളുടെ പഴ്‌സും മൊബൈല്‍ ഫോണുമൊക്കെ താഴേക്കു പതിക്കുന്നതും കാല്‍വഴുതി വീഴാനൊരുങ്ങുന്നതും പതിവു സംഭവങ്ങളായിരുന്നു. ഇതിനു പരിഹാരമാണ് യന്ത്രം. സെമിത്തേരിയിലെ കുഴിയുടെ മുകളില്‍ ഉറപ്പിക്കാവുന്ന സ്റ്റാന്‍ഡില്‍ ബെല്‍റ്റിന്റെ സഹായത്തിലുള്ള യന്ത്രം സ്ഥാപിക്കും. ശവപ്പെട്ടി ഇതിനു മുകളില്‍ വച്ചശേഷം യന്ത്രത്തിന്റെ സ്റ്റിയറിങ്ങില്‍ തിരിക്കുന്നതോടെ പെട്ടി സാവധാനം കുഴിയിലേക്കിറങ്ങും. ബെല്‍റ്റിന്റെ ബട്ടണ്‍ അഴിച്ച് യന്ത്രം മുകളിലേക്ക് ഉയര്‍ത്തി തിരിച്ചെടുക്കുകയും ചെയ്യാം. കുഴിയിലേക്കു യാത്രചെയ്യുന്നതിനുള്ള യന്ത്രത്തിന് പ്രോല്‍സാഹനം നല്‍കിയത് സിഎംഐ മുന്‍ പ്രോവിന്‍ഷ്യലായ ഫാ. മാത്യു ചീരാംകുഴിയാണ്.
മെക്കാനിക്കല്‍ എന്‍ജിനീയറാകാന്‍ ആഗ്രഹിക്കുന്ന മകന്‍ ടോമിന്റെ സഹായവും ജോസിനു ലഭിച്ചു. കര്‍ഷകന്‍ കൂടിയായ ജോസ് മികച്ച ഒരു എന്‍ജിനീയറെ സമീപിച്ച് ആശയം പങ്കുവയ്ക്കുകയും സ്വപ്നം കണ്ട യന്ത്രം തയാറാക്കിയെടുക്കുകയുമായിരുന്നു. 75,000 രൂപയോളം നിര്‍മാണ ചെലവു വേണ്ടിവന്നു. പേറ്റന്റ് വാങ്ങി ഇത്തരം കൂടുതല്‍ യന്ത്രം സ്ഥാപിച്ചു പള്ളികള്‍ക്കു സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ജോസ്. പാല രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് യന്ത്രത്തിന്റെ വെഞ്ചരിപ്പ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചത്. ജോസിന്റെ ബന്ധു കൂടിയായ പങ്ങട ഉറുമ്പില്‍ ത്രേസ്യാമ്മയുടെ ശവസംസ്‌കാരമാണ് യന്ത്രം ഉപയോഗിച്ച് ആദ്യം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല