ലണ്ടന്‍: എയ്ഡ്‌സിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഗുളിക എച്ച്.ഐ.വി തടയാനും ഉപയോഗിക്കാമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. 1990കള്‍ മുതലേ എയ്ഡിസിന്റെ ചികിത്സയ്ക്ക് ഈ മരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇതിന് രോഗത്തിന്റെ വ്യാപനം തടയാന്‍ കഴിയും എന്ന് ഇപ്പോഴാണ് മനസിലാവുന്നത്.
വര്‍ഷങ്ങളായി ഈ മരുന്ന് കഴിക്കുന്ന എച്ച്.ഐ.വി ബാധിതരായ ആഫ്രിക്കന്‍ ദമ്പതികളില്‍ രോഗബാധ 60% ആയി കുറഞ്ഞു എന്ന് കണ്ടെത്തിയതാണ് പുതിയ പഠനങ്ങള്‍ക്ക് വഴിവെച്ചത്. തുടര്‍ന്ന് ഇക്കാര്യം ഉറപ്പുവരുത്താനായി 4,578 കെനിയന്‍, ഉഗാണ്ടന്‍ ദമ്പതികളെയും പഠന വിധേയമാക്കി. ഇവര്‍ക്ക് ഗിലീഡ് സയന്‍സസ് നിര്‍മ്മിച്ച് വിറഡ് എന്ന പേരില്‍ വിതരണം ചെയ്യുന്ന ട്രെനോഫോവിന്‍ എന്ന മരുന്ന് നല്‍കി. ഓരോ ദമ്പതികളിലും ഒരാള്‍ എച്ച്.ഐ.വി പോസിറ്റീവും മറ്റേയാള്‍ നെഗറ്റീവുമാണ്.
ഈ മരുന്ന് ഉപയോഗിക്കുമ്പോള്‍ എച്ച്.ഐ.വി നെഗറ്റീവ് ആയ പങ്കാളികള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത 62% കുറവാണെന്ന് കണ്ടെത്തുകയും ചെയ്തു. വൈറീഡും, എംട്രിസിറ്റാബിനും കൂട്ടിയോജിപ്പിച്ച് തയ്യാറാക്കുന്ന ട്രുവാഡ എന്ന മരുന്ന് കഴിക്കുന്നവരില്‍ രോഗബാധാ നിരക്ക് 73% കുറവാണെന്നും കണ്ടെത്തി. അതുപോലെ ദിവസവും ട്രുവാഡ കഴിക്കുന്ന 1,200ഓളം ബോട്‌സ്‌വാനക്കാരില്‍ നടത്തിയ പഠനത്തില്‍ രോഗബാധാ സാധ്യത 62.6% ആയി കുറഞ്ഞെന്നും കണ്ടെത്തിയിട്ടുണ്ട്.
ബില്‍ ആന്റ് മെലിന്റ ഗെയ്റ്റ്‌സ് ഫൗണ്ടേഷനാണ് പഠനത്തിനാവശ്യമായ ഫണ്ട് നല്‍കിയത്. എച്ച്.ഐ.വി പടരുന്നത് തടയാനുള്ള ശ്രമങ്ങളില്‍ നാഴികക്കല്ലായിമാറും ഈ കണ്ടെത്തലെന്ന് എച്ച്.ഐ.വി ആന്റ് ട്യൂബര്‍കുലോസിസ് ഫൗണ്ടേഷന്റെ ഡയറക്ടര്‍ സ്റ്റിഫാനോ ബേര്‍ടോസി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല