സ്വന്തം ലേഖകൻ: സാധാരണക്കാര്‍ക്കടക്കം തിരിച്ചടിയായി രാജ്യത്ത് ഏപ്രില്‍ മുതല്‍ ചികിത്സാ ചെലവ് കുതിച്ചുയരും. അവശ്യ മരുന്നുകള്‍ക്ക് വന്‍തോതില്‍ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയതോടെയാണ് ചികിത്സാ ചെലവ് കുതിച്ചുയരാന്‍ പോകുന്നത്. അവശ്യ മരുന്ന് പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് പത്ത് ശതമാനം വില വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്. ആദ്യമായാണ് മരുന്നുകള്‍ക്ക് ഇത്രയും വലിയ വില വര്‍ധിക്കുന്നത്.
അവശ്യ മരുന്നു പട്ടികയിലുള്ള 900 മരുന്നുകള്‍ക്ക് വില 12 ശതമാനമാണ് വര്‍ധിക്കുന്നത്. നിലവില്‍ നിയന്ത്രണത്തിന് വിധേയമായി കുറഞ്ഞ വിലയിലാണ് ഇവ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം 10 ശതമാനമായിരുന്നു വില വര്‍ധന. രണ്ടു വര്‍ഷത്തിനിടയില്‍ 22 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടാകുന്നത്. ജീവിതശൈലീ രോഗമുള്ളവര്‍ ദിവസവും മരുന്നു കഴിക്കേണ്ടതുണ്ട്. പലര്‍ക്കും ഒന്നിലധികം അസുഖങ്ങളുണ്ടാകാം. ഇത്തരക്കാര്‍ക്ക് വിലവര്‍ധന തിരിച്ചടിയാകും.
വേദന സംഹാരികള്‍ക്കും ആന്റി ബയോട്ടികുകള്‍ക്കും അലര്‍ജിക്കുള്ള മരുന്നുകള്‍ക്കും വില വര്‍ധനയുണ്ടാകും. സാധാരണക്കാരുടെ ചികിത്സാ ചെലവ് വന്‍തോതില്‍ ഉയരുന്നതിനാകും ഇതു ഇടയാക്കുക. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകള്‍ക്ക് പരിധിയുണ്ട്. മിക്കപ്പോഴും മെഡിക്കല്‍ സ്റ്റോറുകളിലേക്ക് മരുന്നു എഴുതുകയാണ് പതിവ്. ഇങ്ങനെ സര്‍ക്കാര്‍ ആശുപത്രിയെ ചികിത്സയ്ക്കായി ആശ്രയിക്കുന്നവര്‍ക്കും വില വര്‍ധന തിരിച്ചടിയാകും. കഴിഞ്ഞ വര്‍ഷം നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി മരുന്നുകളുടെ മൊത്തവില സൂചികയില്‍ 10.7 ശതമാനം വിലവര്‍ധന പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല