സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരുടെ ശവപ്പറമ്പായ മെഡിറ്ററേനിയനില്‍ വീണ്ടും കുടിയേറ്റക്കാരുടെ ജീവന്‍ പണയം വച്ചുള്ള യാത്ര. ലിബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു രക്ഷപ്പെട്ട് യൂറോപ്പില്‍ കുടിയേറാനായി ഇറങ്ങിത്തിരിച്ച 4,200 ഓളം അഭയാര്‍ഥികളെ വിവിധ സുരക്ഷാ സേനകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തി.
ആഫ്രിക്ക, പശ്ചിമേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഇറ്റലിയിലേക്കു കുടിയേറാന്‍ എത്തുന്ന അഭയാര്‍ഥികളെ രക്ഷിക്കാന്‍ ഇറ്റലി, അയര്‍ലന്‍ഡ്, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകള്‍ സംയുക്തമായി നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ഇവരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. ഒട്ടും സുരക്ഷിതമല്ലാത്ത മീന്‍പിടിത്ത ബോട്ടുകള്‍, ചെറുകിട കപ്പലുകള്‍ എന്നിവയിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്.
ഇറ്റലിയുടെ നാവികസേന കണ്ടെത്തിയ ലിബിയയില്‍ നിന്നുള്ള ഒരു ബോട്ടിലാകട്ടെ 17 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാനായത്. ഇവര്‍ ഏതു രാജ്യക്കാരാണെന്ന് അറിവായിട്ടില്ല. യുദ്ധം, ഭീകരാക്രമണം, ദാരിദ്ര്യം എന്നിവയില്‍നിന്നു രക്ഷതേടിയും യൂറോപ്യന്‍ രാജ്യങ്ങളിലെ സമ്പന്നതയില്‍ നല്ല ജീവിതം സ്വപ്നം കണ്ടും വരുന്ന ഈ അഭയാര്‍ഥികളില്‍ മിക്കവരും മെഡിറ്ററേനിയന്റെ ആഴങ്ങളില്‍ അവസാനിക്കുകയാണ് പതിവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല