1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2015

സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ അഭയാര്‍ത്ഥി ബോട്ടപകടം, മരിച്ചവരുടെ എണ്ണം 100 കവിയുമെന്ന് സൂചന. ലിബിയയില്‍ നിന്ന് മധ്യധരണ്യാഴി വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളുമായി പോയ മത്സ്യ ബന്ധന ബോട്ടാണ് കഴിഞ്ഞ ദിവസം മെഡിറ്ററേനിയന്‍ കടലില്‍ തലകീഴായി മറിഞ്ഞത്.

600 ഓളം ആളുകളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 400 ഓളം ആളുകളെ രക്ഷിച്ചതായും 25 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥി കൗണ്‍സില്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. രക്ഷപ്പെട്ടവരില്‍ അധികവും സുരക്ഷാ ചങ്ങാടത്തില്‍ പിടിച്ച് നിന്ന് രക്ഷപ്പെടുകയായിരിന്നു.

ഇറ്റാലിയന്‍ തീരസംരക്ഷണ സേനയും, മാള്‍ട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീരദേശ അഭയാര്‍ത്ഥി സഹായ സംഘടനയും ഡോക്‌ടേര്‍സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (എം എസ് എഫ്) എന്ന ഡോക്ടര്‍മാരുടെ സന്നദ്ധ സംഘടനയും രക്ഷാ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. അപായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ബോട്ടിനടുത്തേക്ക് എത്തിയ ഐറിഷ് നാവിക കപ്പല്‍ കണ്ട് രക്ഷപ്പെടാനുള്ള ധൃതിയില്‍ ബോട്ടിലെ യാത്രക്കാരെല്ലാം ഒരു വശത്തേക്ക് നീങ്ങിയതോടെ ബോട്ട് കീഴ്‌മേല്‍ മറിഞ്ഞതാണ് അപകട കാരണം.

അനധികൃത അഭയാര്‍ഥിക്കടത്ത് തടയാനുള്ള യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയുടെ ഭാഗമായി മെഡിറ്ററേനിയന്‍ കടലില്‍ നിരീക്ഷണം നടത്തുകയായിരുന്നു ഐറിഷ് നാവികക്കപ്പല്‍. മരണ സംഖ്യ എണ്ണി തിട്ടപ്പെടുത്താനായിട്ടില്ലെന്നും മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും എം എസ് എഫ് ട്വിറ്ററില്‍ കുറിച്ചു.

അഭയാര്‍ത്ഥികളില്‍ പലര്‍ക്കും നീന്തലറിയില്ല എന്നതിന് പുറമെ പ്രക്ഷുബ്ധമായ കടലും രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. അഭയാര്‍ത്ഥികളുടെ ശവപ്പറമ്പായി മാറുകയാണ് മെഡിറ്ററേനിയന്‍ കടല്‍. 2,000 ലധികം അനധികൃത കുടിയേറ്റക്കാരാണ് ഈ വര്‍ഷം കടലില്‍ ബലികഴിക്കപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.