സ്വന്തം ലേഖകന്‍: മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി, ലിബിയന്‍ തീരത്ത് അടിഞ്ഞത് 74 മൃതദേഹങ്ങള്‍. പടിഞ്ഞാറന്‍ ലിബിയയിലെ സാവിയയുടെ കടല്‍ത്തീരത്താണ് മൃതദേഹങ്ങള്‍ കണ്ടത്തെിയതെന്ന് സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ് അധികൃതര്‍ അറിയിച്ചു. മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിലേക്ക് പോകുന്ന ബോട്ട് തകര്‍ന്ന് അഭയാര്‍ഥികള്‍ മരിച്ചതാണെങ്കില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ തീരത്ത് അടിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടത്തെിയതെന്ന് സംഘടനയുടെ വക്താവ് മുഹമ്മദ് അല മിസ്‌റതി മാധ്യമങ്ങളോട് പറഞ്ഞു.
വെളുപ്പും കറുപ്പും നിറത്തിലുള്ള ബാഗുകളില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ തീരത്ത് നിരത്തിവെച്ച ചിത്രങ്ങള്‍ റെഡ് ക്രെസന്റ് ട്വിറ്റര്‍ വഴി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, മരിച്ചവര്‍ ആരാണെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതിനായി മൃതദേഹങ്ങള്‍ ട്രിപ്പോളി പ്രാദേശിക ഭരണകൂടത്തിന് വിട്ടുനല്‍കും. ഈ മാസം തുടക്കത്തില്‍ ലിബിയന്‍ തീരം വഴി യൂറോപ്പിലേക്ക് കടക്കുന്ന അഭയാര്‍ഥികളെ തടയുന്നതിന് പദ്ധതി അംഗീകരിച്ചിരുന്നു. ഈ പദ്ധതിയനുസരിച്ച് യൂറോപ്യന്‍ യൂനിയന്‍ അഭയാര്‍ഥികളെ തടയുന്നതിന് ലിബിയന്‍ സര്‍ക്കാറിന് ധനസഹായം നല്‍കുമെന്നായിരുന്നു ധാരണ. നിയമത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടും തകര്‍ന്നനിലയില്‍ കരയ്ക്കടിഞ്ഞു. ശനിയാഴ്ചയാണു ബോട്ടുമുങ്ങിയതെന്നും ഇതില്‍ 110 പേരുണ്ടായിരുന്നുവെന്നും യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സി വ്യക്തമാക്കി. 2017 ല്‍ മെഡിറ്ററേനിയന്‍ കടലില്‍ മരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 230 പേര്‍ ഇറ്റലിക്കും ലിബിയക്കുമിടയില്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ കണക്ക്. ചൊവ്വാഴ്ച കണ്ടത്തെിയ മൃതദേഹങ്ങള്‍ ഉള്‍പ്പെടുത്താതെയാണിത്. കഴിഞ്ഞ വര്‍ഷം 4,500 പേരാണ് ഈ മേഖലയില്‍ മുങ്ങിമരിച്ചത്. പടിഞ്ഞാറന്‍ ലിബിയയില്‍നിന്നാണ് യൂറോപ്പിലേക്കുള്ള കുടിയേറ്റ ശ്രമങ്ങള്‍ കൂടുതലായും നടക്കുന്നത്. ഇവിടെനിന്നും സമുദ്രമാര്‍ഗം 300 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇറ്റലിയുടെ തീരത്ത് എത്താമെന്നതാണ് ഇതിനു കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല