സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി, നൂറിലധികം അഭയാര്‍ഥികളെ കടലില്‍ കാണാതായി. ലിബിയയില്‍ മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് ശനിയാഴ്ച വൈകിട്ടോടെ എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാലു പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചതായി ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. സംഭവം നടന്നത് രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അധികൃതര്‍ ഏറെ ബുദ്ധിമുട്ടി. നൂറിലധികം പേരെയാണ് കടലില്‍ കാണാതായിരിക്കുന്നത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
ലിബിയന്‍ തീരത്തോട് ചേര്‍ന്ന് ഇറ്റലിയിലേക്കു പോകുന്ന ബോട്ടാണ് മുങ്ങിയത്. കാണാതായവര്‍ക്കായി നിരവധി കപ്പലുകളും ഹെലിക്കോപ്റ്ററുകളും തെരച്ചില്‍ നടത്തുന്നുണ്ട്. പ്രതികൂലമായ കാലാവസ്ഥയും കടലിലെ പ്രക്ഷുബ്ധാവസ്ഥയും തിരച്ചിലിന് തടസ്സമാകുന്നുണ്ട്.
107 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്നാണ് രക്ഷപ്പെട്ടവര്‍ നല്‍കുന്ന വിവരം. ലിബിയന്‍ തീരത്തുനിന്ന് 50 കി.മീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഈ ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്ന ഫ്രാന്‍സിന്റെ കപ്പലാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഇറ്റലിയുടെ നേവല്‍ ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേര്‍ന്നു.
ഇറ്റലിയിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. വടക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് മെഡിറ്ററേനിയന്‍ കടല്‍ വഴിയാണ് ഇവരത്തെുന്നത്. ലിബിയയിലെ രാഷ്ട്രീയ മാറ്റത്തിന് ശേഷമാണ് ആളുകള്‍ യൂറോപ്പിലേക്ക് കടല്‍ വഴി കടക്കുന്നത് വന്‍തോതില്‍ വര്‍ധിച്ചത്.
ലിബിയന്‍ തീരത്തുനിന്ന് ഇറ്റലിയുടെ കരയിലേക്ക് വെറും 300 കി.മീറ്റര്‍ ദൂരം മാത്രമാണ് ഉള്ളതെന്നതിനാല്‍ ഈ മേഖല അനധികൃത കുടിയേറ്റക്കാരുടെയും മനുഷ്യക്കടുത്തുക്കാരുടേയും പ്രിയപ്പെട്ട കടത്തുകേന്ദ്രമാണ്. കഴിഞ്ഞ വര്‍ഷം മെഡിറ്ററേനിയന്‍ കടലില്‍ 5000 ത്തിലധികം പേര്‍ മുങ്ങി മരിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല