സ്വന്തം ലേഖകന്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇടത്തരം വിമാനങ്ങള്‍ ഇറങ്ങുന്നതിന് അനുമതി ഉടന്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് വിമാനത്താവളത്തില്‍ നടക്കും. യോഗത്തിലേക്ക് മുഴുവന്‍ വിമാനക്കമ്പനി പ്രതിനിധികളെയും ബന്ധപ്പെട്ട ഏജന്‍സികളെയും ക്ഷണിച്ചിട്ടുണ്ട്. ഇടത്തരം വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി ലഭിക്കുന്നപക്ഷം വിമാനക്കമ്പനികള്‍ പുതുതായി സര്‍വീസ് ആരംഭിക്കാന്‍ സാധ്യതയുള്ള മേഖലകള്‍, അവര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍, ടൈം സ്ലോട്ടുകള്‍, വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ചചെയ്യുന്നത്.
നാടകീയമായ നീക്കങ്ങള്‍ക്കെടുവിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തില്‍നിന്ന് കോഴിക്കോടിന് അനുകൂലമായ നീക്കം. ഹജ്ജ് സര്‍വീസുകള്‍ കോഴിക്കോടിന് നഷ്ടമാകുമെന്ന അവസ്ഥയിലാണ് പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്. കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ 9000 അടിയില്‍നിന്ന് 13,000 അടിയായി ഉയര്‍ത്താതെ വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട്ട് അനുമതി നല്‍കില്ലെന്നായിരുന്നു നേരത്തേ എയര്‍പോര്‍ട്ട് അതോറിറ്റി കൈക്കൊണ്ട നിലപാട്.
എന്നാല്‍ സമ്മര്‍ദം ശക്തമായതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് കോഴിക്കോട്ടെ ലാന്‍ഡിങ് സാഹചര്യങ്ങള്‍ വിലയിരുത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഉന്നതതല സംഘത്തെ കോഴിക്കോട്ടേക്ക് അയച്ചിരുന്നു. ഇവരുടെ പഠനറിപ്പോര്‍ട്ട് പ്രകാരം ബോയിങ് 777200 വരെയുള്ള വിമാനങ്ങള്‍ക്ക് കോഴിക്കോട്ട് അനുമതി നല്‍കാനാകുമെന്നാണ് കണ്ടത്തിയത്. ഇതോടൊപ്പം ബി 787300, ബി 777200 ഇ.ആര്‍, ബി 777200 ഐ.ആര്‍ എന്നീ വിമാനങ്ങള്‍കൂടി ഇറക്കാനാകുമോയെന്ന കാര്യം വിമാനക്കമ്പനി അധികൃതര്‍ പൈലറ്റുമാര്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല