പറഞ്ഞു വരുമ്പോള്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് മീര ജാസ്മിന്‍. എന്നാല്‍ ഇപ്പോള്‍ നല്ലൊരു വേഷത്തിനായി അച്‌ഛനുറങ്ങാത്ത വീടിന്റെ രണ്ടാം ഭാഗമായ ‘സാമുവലിന്റെ മക്കളു’ടെ നിര്‍മ്മാതാവിന്റെ റോളും മീരക്ക് കൈയേല്‍ക്കേണ്ടി വന്നേക്കുമെന്ന് മല്ലു പാപ്പരാസികളുടെ രഹസ്യ റിപ്പോര്‍ട്ട്. പക്ഷേ, മസാലച്ചേരുവകള്‍ അധികം ചേര്‍ത്ത് കൊഴുപ്പുകൂട്ടാതെ ഒരുക്കുന്ന ഈ സിനിമയ്‌ക്ക് പണം മുടക്കിയാല്‍ അത് അത് തന്റെ കൈ പൊള്ളിച്ചേക്കുമോ എന്ന ഭയത്തിലാണ് മീരയെന്നാണ് അണിയറ സംസാരം.
സിനിമ നിര്‍മ്മിച്ച് കൈപൊള്ളിക്കേണ്ടെന്ന് ചില ബന്ധുക്കളും അഭ്യുദയകാംക്ഷികളും മീരയെ ഉപദേശിച്ചതായും വാര്‍ത്തകളുണ്ട്. കാര്യമിതൊക്കെയാണെങ്കിലും ‘സാമുവേലിന്റെ മക്കള്‍’ക്ക് പണമിറക്കാന്‍ മീര തയ്യാറായേക്കുമെന്നും സൂചനയുണ്ട്. കാരണം, ഏറെ നാളത്തെ അജ്‌ഞാത വാസത്തിനു ശേഷം മലയാളത്തിലേക്ക് ശക്‌തമായ ഒരു തിരിച്ചു വരവിന് കൊതിക്കുന്ന മീരയെ ഹരം പിടിപ്പിക്കുന്ന ശക്‌തമായ ഒരു കഥാപാത്രമാണത്രെ ‘സാമുവലിന്റെ മക്കളി’ലെ ലിസമ്മ. ‘സാമുവേലിന്റെ മക്കള്‍’ യാഥാര്‍ത്ഥ്യമായിക്കാണാന്‍ ഒരുപക്ഷേ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാര്‍ദ്ദനനേക്കാളധികം കഠിനമായി ആഗ്രഹിക്കുന്നത് മീരയായിരിക്കും. അതിനാല്‍, നിര്‍മ്മാണച്ചുമതല പൂര്‍ണ്ണമായും കൈയേറ്റില്ലെങ്കിലും അവര്‍ നിര്‍മ്മാണച്ചെലവിലേക്ക് നല്ലൊരു തുക നല്‍കിയേക്കുമെന്നാണ് പാപ്പരാസികള്‍ നല്‌കുന്ന സൂചന.
അച്‌ഛനുറങ്ങാത്ത വീടിന് സലിംകുമാര്‍ പണമിറക്കിയിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷവും സാമ്പത്തിക പ്രതിസന്ധികള്‍ മൂലം സിനിമ തീയേറ്ററിലെത്തിക്കാനാവാതെ വന്നപ്പോഴാണ് സലിംകുമാര്‍ ആ സിനിമയുടെ രക്ഷകനായത്. മാത്രമല്ല നടന്‍ മുരളി വരെ വളരെ തുച്‌ഛമായ പ്രതിഫലത്തില്‍ ഈ ചിത്രത്തിലഭിനയിക്കാന്‍ തയ്യാറായിരുന്നു. ഈ ചിത്രം സലിംകുമാറിന് മികച്ച സഹനടനുള്ള സംസ്‌ഥാന അവാര്‍ഡ് നേടിക്കൊടുത്തിരുന്നു.
മുന്‍പ്, പ്രാരംഭ ഘട്ടത്തില്‍ തന്നെ പ്രതിസന്ധിയിലായ ലോഹിതദാസിന്റെ ‘ചെമ്പട്ട്’ നിര്‍മ്മാണമാരംഭിച്ചത് മീരയുടെ പണം കൊണ്ടാണെന്നും അന്നു കുറേ പണം മീരയ്‌ക്ക് വെറുതേ ചെലവായെന്നും പിന്നീട് ലോഹിയും മീരയും തമ്മിലുള്ള മാനസികമായ അകല്‍ച്ചയ്‌ക്കു തന്നെ അതു വഴിവെച്ചുവെന്നും ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൊടുങ്ങല്ലൂരമ്മയെക്കുറിച്ചുള്ള ഈ സിനിമയുടെ ചിത്രീകരണത്തിനായി അഹിന്ദുവായ മീരയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചത് ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനും കാരണമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല