സ്വന്തം ലേഖകന്‍: തന്മാത്രയില്‍ മോഹന്‍ലാലുമൊത്തുള്ള നഗ്‌ന രംഗത്തെക്കുറിച്ചുള്ള തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ക്ലിപ്പിങ്ങുകള്‍ ചേര്‍ത്ത് പുറത്തുവിട്ടു, മലയാളം ചാനല്‍ ഷോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മീരാ വാസുദേവ്. താന്‍ പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ചാനല്‍ ഷോ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിട്ടതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന ക്ലിപ്പിങ്ങുകളും ട്രോളുകളും തന്നെ അപമാനിക്കുന്ന രീതിയിലുള്ളതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മീര ആരോപിച്ചു.
മോഹന്‍ലാല്‍ ചിത്രമായ തന്മാത്രയില്‍ നഗ്‌നയായി അഭിനയിക്കേണ്ട രംഗമുണ്ടായതിനാല്‍ മറ്റ് നടിമാര്‍ വേണ്ടെന്നു വെച്ച വേഷം ഏറ്റെടുക്കാന്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ലെന്ന് മീര ഷോയില്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനെപ്പോലെ അനുഗ്രഹീതനായ ഒരു നടന്‍ ഇങ്ങനെയൊരു വേഷം ചെയ്യാന്‍ തയ്യാറാകുമ്പോള്‍ കൂടെ അഭിനയിക്കാന്‍ തനിക്ക് അഭിമാനമേ ഉണ്ടായിരുന്നുള്ളുവെന്നും നടി പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമായിരുന്നു തന്മാത്ര എന്നും മീര പറഞ്ഞിരുന്നു.
എന്നാല്‍ ഷോ പുറത്തു വന്നതിനു ശേഷം പറഞ്ഞ വാക്കുകളല്ല സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തന്റെ വാക്കുകളെ വളച്ചൊടിച്ച് എരിവും പുളിയും ചേര്‍ത്ത് ക്ലിപ്പിങ്ങുകള്‍കൊപ്പം പുറത്തു വിടുകയായിരുന്നെന്നാണ് നടിയുടെ ആരോപണം. ശനി, ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യുന്ന ഷോയില്‍ പങ്കെടുക്കാമെന്ന് വാക്ക് കൊടുത്തതുകൊണ്ടു മാത്രമാണ് താന്‍ അത് ചെയ്തതെന്നും ഷോയില്‍ പങ്കെടുത്തപ്പോള്‍ തന്നെ താന്‍ മുഴുവന്‍ കാര്യങ്ങളും തുറന്നു സംസാരിച്ചിരുന്നുവെന്നും മീര പറയുന്നു.
എനിക്കൊരു മകനുണ്ടെന്നും അവന്‍ എന്റെ എല്ലാ പരിപാടികളും കാണാറുണ്ടെന്നും ചാനല്‍ ഇന്റര്‍വ്യൂ കാണുമ്പോള്‍ അമ്മയുടെ മറുപടി മാത്രമല്ല അമ്മയോട് ചോദ്യം ചോദിക്കുന്ന ആളെയും അവന്‍ വിലയിരുത്താറുണ്ടെന്നും ഞാന്‍ ഷോയില്‍ പറഞ്ഞതാണ്. മീര കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രോഗ്രാം റേറ്റിംഗ് കൂട്ടാന്‍ വേണ്ടി യഥാര്‍ത്ഥത്തില്‍ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് താന്‍ പോലും ഇതുവരെ കാണാത്ത ക്ലിപ്പിങ്ങുകള്‍ ചേര്‍ത്ത് സമൂഹ മാധ്യങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും മീര പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല