1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2025

സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച പുലര്‍ച്ചെ അമേരിക്കയിലെത്തി. വാഷിങ്ടണിലെ സൈനികവിമാനത്താവളത്തിലെത്തിയ മോദിക്ക് ഇന്ത്യന്‍വംശജരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് ഉഷ്മള വരവേല്‍പ്പ് നല്‍കി. ഭാരത് മാതാ കി ജയ് വിളിച്ചാണ് ആളുകള്‍ മോദിയെ സ്വീകരിച്ചത്. വ്യാഴാഴ്ച സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസില്‍ തങ്ങുന്ന മോദി നാളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടക്കും.

ട്രംപ് രണ്ടാമത് പ്രസിഡന്റായ ശേഷം മോദി നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തേയും കൂടിക്കാഴ്ചയേയും വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യക്കാരായ അമേരിക്കന്‍ വംശജരടക്കം നോക്കിക്കാണുന്നത്. കാരണം മോദിയുടെ കുടിയേറ്റ നയമടക്കം വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന സമയത്താണ് സന്ദര്‍ശനം.

പ്രധാനമായും ഇക്കാര്യമെല്ലാം ചര്‍ച്ചയില്‍ വരുമെന്നാണ് കരുതുന്നത്. നാടുകടത്തപ്പെടുന്ന അമേരിക്കന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് കയറ്റിവിടുന്നതടക്കം വലിയ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇതിന് പുറമെ വ്യാപാരം, ഇറക്കുമതി തീരുവ, പ്രതിരോധ രംഗത്തെ സഹകരണം എന്നിവയും പ്രധാന ചര്‍ച്ചാവിഷയവമാവും. ചര്‍ച്ചയ്ക്ക് ശേഷം ഇരുനേതാക്കളും നാളെ സംയുക്തമായി മാധ്യമങ്ങളെ കാണുമെന്നാണ് കരുതുന്നത്.

അമേരിക്കന്‍ സന്ദര്‍ശനത്തെ കുറിച്ച് മോദി എക്‌സില്‍ കുറിച്ചിട്ടുണ്ട്. തണുത്തുറഞ്ഞ കാലാവസ്ഥയേപോലും അവഗണിച്ച് തന്നെ സ്വീകരിക്കാനായെത്തിയ ഇന്ത്യന്‍വംശജരെ പ്രത്യേകം അഭിനന്ദിക്കുന്നതായി മോദി കുറിച്ചു. ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും സന്ദര്‍ശനത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വത്ര എയര്‍പോട്ടിലെത്തി മോദിക്ക് ഔദ്യോഗിക സ്വീകരണം നല്‍കി.

രണ്ട് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി താമസിക്കുന്ന ബ്ലെയര്‍ഹൗസും വളരെ ചരിത്ര പ്രസിദ്ധമാണ്. അമേരിക്കയുടെ പ്രത്യേക അതിഥികളായെത്തുന്നവര്‍ താമസിക്കുന്ന ബ്ലെയര്‍ഹൗസ് രാജ്യത്തിന്റെ അതിഥി സത്കാരത്തിന്റെ പ്രതീകം കൂടിയാണ്.

വൈറ്റ് ഹൗസിന് തൊട്ട് എതിര്‍വശത്ത് 1651 പെന്‍സില്‍വാനിയ അവന്യൂവിലാണ് ബ്ലെയര്‍ ഹൗസ് സ്ഥിതിചെയ്യുന്നത്. വെറും ഗസ്റ്റ് ഹൗസ് എന്നതിനപ്പുറം അമേരിക്കയുടെ ആതിഥികളായെത്തുന്ന രാജാക്കന്‍മാര്‍, രാഷ്ട്രതലവന്‍മാര്‍, മറ്റ് ലോകനേതാക്കള്‍ എന്നിവരെല്ലാമാണ് അതീവ സുരക്ഷാമേഖലയായ ബ്ലെയര്‍ഹൗസില്‍ താമസിക്കാറുള്ളത്.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, ഇസ്രയേല്‍ പ്രധാനമന്ത്രിമാരായ ഗോള്‍ഡ മെയര്‍, യിറ്റ്‌സാക് റോബിന്‍, ഷിമോണ്‍ പെരസ്, ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് 2, ഫ്രഞ്ച് പ്രസിഡന്റ് ചാള്‍സ് ഡേ ഗൗലി, ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങി വിവിധ നേതാക്കള്‍ അമേരിക്കന്‍ സന്ദര്‍ശന സമയത്ത് താമസിച്ച സ്ഥലമാണ് ബ്ലെയര്‍ ഹൗസ്. 14 ഗസ്റ്റ് ബെഡ്‌റൂം, 35 കുളിമുറികള്‍, മൂന്ന് ഊദ്യോഗിക ഡൈനിങ് റൂം, ബ്യൂട്ടി റൂം എന്നിവയടക്കം 119 മുറികളുള്ള മന്ദിരമാണ് ബ്ലെയര്‍ഹൗസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.