സ്വന്തം ലേഖകൻ: വംശവെറിയുടെ വിളനിലമാണ് ബക്കിങ്ഹാം കൊട്ടാരമെന്ന് ഞായറാഴ്ച അമേരിക്കൻ ടെലിവിഷൻ ചാനൽ അഭിമുഖത്തിൽ മുൻ രാജകുടുംബാംഗങ്ങളായ ഹാരി രാജകുമാരനും മേഗനും നടത്തിയ വെളിപ്പെടുത്തലുകളിൽ നീറിപ്പുകഞ്ഞ് രാജകുടുംബം. വിഷയം ചർച്ച ചെയ്ത് അടിയന്തര യോഗങ്ങൾ കൊട്ടാരത്തിനകത്ത് പുരോഗമിക്കുകയാണ്. മേഗന്‍റെയും ഹാരിയുടെയും ആരോപണങ്ങൾ ലോകമൊട്ടുക്കും ഏറ്റെടുത്ത സാഹചര്യത്തിൽ മറുപടി നൽകണമെന്നാണ് കൊട്ടാരത്തിലെ പൊതു വികാരം.
എന്നാൽ, തിരക്കിട്ട് മറുപടി നൽകി വിവാദങ്ങൾ കൊഴുപ്പിക്കുന്നതിൽ കാര്യമില്ലെന്നും ഒരു വിഭാഗം ശക്തമായി വാദിക്കുന്നതായും സൂചനയുണ്ട്. രാജ്ഞിയുടെ സാന്നിധ്യത്തിൽ ചാൾസ്, വില്യം തുടങ്ങി പ്രമുഖർ പങ്കെടുത്ത യോഗങ്ങൾ ഒന്നിലേറെ നടന്നതായാണ് റിപ്പോർട്ട്. ആദ്യ കുഞ്ഞായി ആർച്ചി പിറക്കുംമുമ്പ് മകന് കറുപ്പ് നിറം കൂടുതലാകുമോ എന്ന് രാജകുടുംബത്തിലെ ഒരാൾ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി കഴിഞ്ഞ ദിവസം മേഗൻ പറഞ്ഞിരുന്നു. രാജ്ഞിയോ ഭർത്താവായ എഡിൻബർഗ് പ്രഭു ഫിലിപ് രാജകുമാരനോ അല്ല അത് പറഞ്ഞതെന്ന് പിന്നീട് ഹാരി രാജകുമാരൻ വിശദീകരണം നൽകുകയും ചെയ്തു.
ഞായറാഴ്ച യു.എസിൽ സി.ബി.എസ് ചാനൽ വഴിയും യു.കെയിൽ ഐ.ടി.വിയിലും സംപ്രേഷണം ചെയ്ത രണ്ടു മണിക്കൂർ അഭിമുഖത്തിലുടനീളം ഇരുവരും അനുഭവിച്ച ഭീഷണികളും അവഗണനകളും തുറന്നുപറയുന്നുണ്ട്. െകാട്ടാരത്തിൽ സുരക്ഷ നിഷേധിക്കപ്പെട്ട് വഴികളടഞ്ഞ് ഇനി ജീവിക്കേണ്ടെന്നുവരെ തീരുമാനമെടുത്ത സമയമുണ്ടായിരുന്നതായി മേഗൻ വ്യക്തമാക്കി.
മകൻ ആർച്ചിക്ക് രാജകുടുംബ പദവി ബോധപൂർവം നിഷേധിക്കുകയായിരുന്നുവെന്നും അതുവഴി അവർക്ക് ലഭിക്കേണ്ട പൊലീസ് സുരക്ഷ തടയലായിരുന്നു ലക്ഷ്യമെന്നും കുറ്റപ്പെടുത്തി. രാജ്ഞിയും മുതിർന്ന രാജകുടുംബാംഗങ്ങളും തമ്മിലെ അഭിപ്രായ ഭിന്നതകളും തീരുമാനമെടുക്കുന്നതിലെ പ്രശ്നങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു. പിതാവ് തന്നെ സാമ്പത്തിക സഹായത്തിൽനിന്ന് ഒഴിവാക്കിയതായി ഹാരിയും വ്യക്തമാക്കി.
ആരോപണങ്ങൾ ഏറ്റെടുത്ത ബ്രിട്ടീഷ് പ്രതിപക്ഷമായ ലേബർ കക്ഷി, വംശവെറി നടന്നിട്ടുണ്ടെങ്കിൽ കൊട്ടാരം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അഭിമുഖം ചർച്ചയായതോടെ ബ്രിട്ടനിൽ ഇരുവരെയും പരമാവധി അപമാനിക്കാൻ ടാേബ്ലായ്ഡുകൾ മത്സരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിന്‍റെ ഭാഗമായി മേഗന്‍റെ പിതാവിനെ പോലും പ്രതിസ്ഥാനത്തു നിർത്തിയാണ് മാധ്യമ ആക്രമണം.
ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും നേരിടേണ്ടിവന്ന വംശീയതയും അവഗണനയും തുറന്ന് പറഞ്ഞ ഹാരി രാജകുമാരൻ്റെയും ഭാര്യ മേഗന്‍ മാര്‍ക്കലിൻ്റെയും അഭിമുഖം അമേരിക്കൻ ടിവി അവതാരക ഓപ്ര വിൻഫ്ര വിറ്റത് 51 കോടി രൂപയ്ക്കാണെന്ന് (7 മില്യൺ യുഎസ് ഡോളർ) വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. സിബിഎസ് ചാനലാണ് 7 മില്യൺ ഡോളർ നൽകി ഓപ്ര വിൻഫ്രയിൽ നിന്നും ഹാരിയുടെയും മോഗൻ്റെയും അഭിമുഖം വാങ്ങിയത്.
തുടർന്ന് ഹാരിയുടെയും മോഗൻ്റെയും അഭിമുഖം ശനിയാഴ്‌ച രാത്രി സംപ്രേക്ഷണം ചെയ്‌തു. പ്രൈം ടൈം സ്‌പെഷ്യലായിട്ടാണ് ചാനൽ അഭിമുഖം പുറത്തുവിട്ടത്. പ്രതീക്ഷിച്ചത് പോലെതന്നെ ലക്ഷക്കണക്കിന് പ്രക്ഷകരെ ടിവിക്ക് മുൻപിൽ എത്തിക്കാൻ സിബിഎസ് ചാനലിന്ന് സാധിച്ചു. 17.1 മില്യൻ പ്രേക്ഷകരാണ് അഭിമുഖം കണ്ടതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല