സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായാല്‍ അമേരിക്ക വിടും, ഹാരി രാജകുമാരന്റെ പ്രണയ കഥയിലെ നായികയും ഹോളിവുഡ് നടിയുമായ മേഗാന്‍ മാര്‍ക്കില്‍. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്ന മേഗാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിനെ സ്ത്രീ വിദ്വേഷിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ബ്രിട്ടീഷ് രാജകുമാരന് ഹാരിയുമായി മേഗന് പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടത് ദിവസങ്ങള്‍ക്ക് മുമ്പാണ്.
രാജകുടുംബത്തില്‍ പെട്ടവര്‍ രാഷ്ട്രീയമായി പക്ഷഭേദം പ്രകടിപ്പിക്കരുത് എന്നാണ് നിയമമെങ്കിലും രാജകുടുംബത്തിന്റെ ഭാഗമാകാന്‍ പോകുന്ന ഈ കാനഡക്കാരി തന്റെ അഭിപ്രായം നിര്‍ഭയം രേഖപ്പെടുത്താന്‍ തയ്യാറാകുകയായിരുന്നു. ട്രംപിനെ എങ്ങിനെ തടയാന്‍ കഴിയും എന്ന ചോദ്യത്തിന് അങ്ങനെ സംഭവിച്ചാല്‍ താന്‍ അമേരിക്ക വിടുമെന്നും കാനഡയില്‍ തന്നെ തങ്ങുമെന്നും മാഗന്‍ പറഞ്ഞു.
ട്രംപ് സ്ത്രീ വോട്ടുകളെ അകറ്റുകയാണെന്ന് പറഞ്ഞ മാഗന്‍ 2012 ല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്ക് സ്ത്രീപക്ഷ വോട്ടുകള്‍ നഷ്ടമാക്കിയത് 12 പോയിന്റാണെന്നും അതു തന്നെയാണ് ട്രംപ് ഇപ്പോഴും ചെയ്യുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഹിലരി ഇപ്പോള്‍ ശക്തമായ നിലയിലാണ്. പ്രചരണത്തിനായി അവര്‍ക്ക് ലഭിച്ച സംഭാവനകളുടെ ഒഴുക്ക് മാത്രം നോക്കിയാല്‍ അക്കാര്യം വ്യക്തമാകും. ട്രംപ് 12 ,20 ദശലക്ഷം സമ്പാദിച്ചപ്പോള്‍ ഹിലരി 200 ദശലക്ഷമാണ് നേടിയതെന്നും മാഗന്‍ പറയുന്നു.
ബ്രിട്ടീഷ് മാധ്യമങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിട്ടിയായി മേഗന് മാറിയിട്ട് വെറും രണ്ടാഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. ഹാരിയുടെ പ്രണയിനിയായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും താന്‍ രാജകുമാരനുമായി പ്രണയത്തിലാണെന്ന് മേഗന് ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാല്‍ മേഗന്റെ സഹോദരി സാമന്ത ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2016 മെയ് യിലായിരുന്നു ഇവര്‍ കണ്ടുമുട്ടിയത്. ഇന്‍വിക്റ്റസ് ഗെയിംസിനായി കാനഡയില്‍ എത്തിയപ്പോഴായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല