1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2017

സ്വന്തം ലേഖകന്‍: ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് മീരാ കുമാറിനെ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. ബിഹാര്‍ ഗവര്‍ണറായിരുന്ന റാം നാഥ് കോവിന്ദ് ആണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി.

മീരാ കുമാറിനെ കൂടാതെ മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, ബി.ആര്‍. അംബേദ്ക്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്ക്കര്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും പ്രതിപക്ഷം പരിഗണിച്ചിരുന്നത്.ഇന്ത്യയുടെ ആദ്യ വനിതാ ലോക്‌സഭാ സ്പീക്കര്‍ കൂടിയായ മീരാ കുമാര്‍, അഞ്ചു തവണ പാര്‍ലമെന്റ് അംഗമായിട്ടുണ്ട്. 2009 മുതല്‍ 2014 വരെ ലോക്‌സഭാ സ്പീക്കറായിരുന്നു.

ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് എംഎ, എല്‍എല്‍ബി ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുളള മീരാ കുമാര്‍ വിവിധ രാജ്യങ്ങളില്‍ ഹൈക്കമ്മീഷനിലും, എംബസികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന മീരാ കുമാര്‍സ്‌പെയിന്‍, യുകെ, മൌറീഷ്യസ് എന്നീ എംബസികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്തോമൌറീഷ്യസ് ജോയിന്റ് കമ്മീഷനിലും അംഗമായിരുന്നു. സുപ്രീം കോടതി അഭിഭാഷകനായ മഞ്ജുള്‍ കുമാറാണ് ഭര്‍ത്താവ്. അന്‍ഷുല്‍, സ്വാതി, ദേവാംഗന എന്നിവര്‍ മക്കളാണ്.

ദളിത് വിഭാഗത്തില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെതിരേ ദളിത് വിഭാഗത്തില്‍ നിന്നു തന്നെ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. ദലിത് എന്നതിനു പുറമെ സ്ത്രീയെന്ന പരിഗണനയും മീരാ കുമാറിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. ബിജെപി 60 ശതമാനം വോട്ട് ഉറപ്പിച്ചുകഴിഞ്ഞെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിക്കണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയായിരുന്നു. ആശയസമരം എന്ന നിലയ്ക്കാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.