മക്കയില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും മസ്ജിദുല്‍ ഹറാം വികസന ജോലികള്‍ക്കായി ഉയര്‍ത്തിയിരുന്ന രണ്ടു കൂറ്റന്‍ ക്രെയിനുകള്‍ തകര്‍ന്നു വീണ് അറുപതിലേറെ തീര്‍ത്ഥാടകര്‍ മരിച്ചു. അപകടത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സിവില്‍ ഡിഫന്‍സ് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് എണ്‍പതോളം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മോസ്‌ക്കിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന ക്രെയിന്‍ ബ്രിഡ്ജാണ് തകര്‍ന്ന് വീണതെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് കനത്ത കാറ്റും മഴയുമുണ്ടെങ്കിലും ക്രെയിന്‍ ബ്രിഡ്ജ് തകര്‍ന്നതുമായി കാറ്റിനും മഴയ്ക്കും നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല.
മുസ്ലീംങ്ങളുടെ ഹജ്ജ് തീര്‍ത്ഥാടനം തുടങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു മോസ്‌ക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നുവന്നിരുന്നത് എന്നാണ് വിവരം. എന്താണ് അപകടത്തിന് പിന്നിലെ കാരണം എന്ന് വ്യക്തമല്ല. അപകടം നടന്ന സ്ഥലത്തുവെച്ചു തന്നെ 40 ഓളം പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീടുള്ള മരണങ്ങള്‍ സംഭവിച്ച് ആശുപത്രിയില്‍ വെച്ചാണ്.
ഈ മാസം അവസാനം ആരംഭിക്കുന്ന ഹജ്ജ് കര്‍മ്മങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലക്ഷക്കണക്കിന് ആളുകളാണ് മക്കയില്‍ എത്തുന്നത്. അതിന് മുന്‍പ് നടന്നിരിക്കുന്ന ഈ അപകടം അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല