സ്വന്തം ലേഖകന്‍: ആരാണ് വൈറ്റ് ഹൗസിലെ പ്രഥമ വനിത ട്രംപിന്റെ ആദ്യ ഭാര്യ ഇവാനയും മെലാനിയയും തമ്മില്‍ പോര് മൂക്കുന്നു. മൂന്നു തവണ വിവാഹിതനായ ട്രംപിന്റെ ഇപ്പോഴത്തെ ഭാര്യയാണ് മെലാനിയയും ആദ്യ ഭാര്യയായ ഇവാനയുമാണ് ഇപ്പോഴത്തെ യുഎസ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ‘റെയ്‌സിങ് ട്രംപ്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇവാന നടത്തിയൊരു പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. ട്രംപുമായുള്ള ദാമ്പത്യവും അതു തകരാനുണ്ടായ കാരണവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
‘ഗുഡ് മോണിങ് അമേരിക്ക’ എന്ന ടി.വി പരിപാടിയിലാണ് ഇവാനയുടെ വിവാദ പ്രസ്താവന. ട്രംപിന്റെ ആദ്യ ഭാര്യ താനാണ്. അദ്ദേഹത്തിന്റെ മൂന്നു മക്കളുടെ അമ്മയുമാണ്. അപ്പോള്‍ താന്‍ തന്നെയാണ് പ്രഥമ വനിത എന്നായിരുന്നു ഇവാനയുടെ വാക്കുകള്‍. വൈറ്റ് ഹൗസിലേക്ക് കയറിച്ചെല്ലാന്‍ തനിക്ക് അര്‍ഹതയുണ്ട്. വാഷിങ്ടണ്‍ ഇഷ്ടമില്ലാത്തതിനാല്‍ പ്രഥമവനിത എന്ന സ്ഥാനം മെലാനിയക്ക് തന്നെയിരിക്കട്ടെയെന്നും ഇവാന പറഞ്ഞു. ഇവാന്‍ക, എറിക്, ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ എന്നിവരുടെ അമ്മയാണ് ഇവാന.
ഇവാനയുമായി വേര്‍പിരിഞ്ഞ ശേഷം മാര്‍ല മേപ്പിള്‍സിനെയാണ് ട്രംപ് വിവാഹം ചെയ്തത്. എന്നാല്‍, ഇവരെക്കുറിച്ച് ഇവാന അധികം പരാമര്‍ശിച്ചില്ല. മാര്‍ലയുമായുള്ള ബന്ധവും തകര്‍ന്നതോടെയാണു മോഡലായ മെലാനിയയെ ട്രംപ് വിവാഹം കഴിച്ചത്. എന്നാല്‍ പുസ്തകം വിറ്റഴിക്കാനുള്ള വില കുറഞ്ഞ തന്ത്രമാണ് ഇവാനയുടേതെന്ന് മെലാനിയയുടെ വക്താവ് ഉടന്‍ തിരിച്ചടിച്ചു. പുസ്തകം വില്‍ക്കാനല്ല, കുട്ടികളെ സഹായിക്കാനാണ് തന്റെ പദവിയെ മെലാനിയ ഉപയോഗിക്കുന്നതെന്ന് ഇവാനയെ ഒന്ന് കുത്താനും വക്താവ് മറന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല