സ്വന്തം ലേഖകന്‍: മെലാനിയ ട്രംപ് അമ്മ വേഷത്തില്‍ തിരക്കിലാണ്, യുഎസ് പ്രഥമ വനിതയുടെ ചുമതലകള്‍ മകള്‍ ഇവാന്‍ക ട്രംപിന്റേയും ഭര്‍ത്താവിന്റേയും തലയില്‍. ലോകത്തിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രത്തിന്റെ പ്രഥമ വനിത എന്ന പദവിയേക്കാള്‍ പ്രാധാന്യം അമ്മ വേഷത്തിന് നല്‍കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപെന്ന് റിപ്പോര്‍ട്ടുകള്‍.
ഇക്കാരണത്താല്‍ വൈറ്റ് ഹൗസില്‍ നിന്നും കുറേക്കാലത്തേക്ക് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മെലാനിയ. എന്നാല്‍ മെലാനിയയുടെ തീരുമാനം വിനയായത് മൂത്തമകള്‍ ഇവാന്‍കാ ട്രംപിനും ഭര്‍ത്താവ് ജാറെഡ് കുഷ്‌നര്‍ക്കുമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെലാനിയയുടെ അഭാവത്തില്‍ പ്രഥമ വനിത ചെയ്യേണ്ട പരമ്പരാഗത ജോലികളെല്ലാം ഇവാന്‍കയും ഭര്‍ത്താവ് ജാറഡ് കുഷ്‌നറും ഏറ്റെടുത്തു ചെയ്യുകയാണ്.
വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ മകന് പിന്തുണയുമായി തല്‍ക്കാലം ന്യൂയോര്‍ക്കില്‍ തന്നെ തുടരാനാണ് മെലാനിയയുടെ തീരുമാനം. ജൂണ്‍ വരെ മകന്റെ പഠനം നീളുന്നതിനാല്‍ ഭര്‍ത്താവിനൊപ്പം സാന്നിദ്ധ്യം അറിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മെലാനിയ. എന്നാല്‍ മകന്റെ പഠനം തീര്‍ന്നാല്‍ ഉടന്‍ ഇവര്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ ഭര്‍ത്താവിനൊപ്പം ചേരും.
ഔദ്യോഗിക വസതിയില്‍ നിന്നും 200 മൈല്‍ അകലെ തന്നെ തുടരാനുള്ള തീരുമാനം നവംബറില്‍ തന്നെ മെലാനിയ വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് ശേഷം ട്രംപും മെലാനിയയും അകന്നു കഴിയുന്നത് ഇതാദ്യമാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ തങ്ങള്‍ക്ക് ഒരാഴ്ച പോലും അകന്നു കഴിയാനാകില്ലെന്ന് മെലാനിയ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രഥമ വനിതയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിട്ട് ഇന്നേയ്ക്ക് 10 ദിവസമായി. ഈ വാരാന്ത്യം ഇവര്‍ മാര്‍ അ ലാഗോയില്‍ സന്ധിക്കുന്നുണ്ട്.
അതേസമയം മെലാനിയ അവരുടെ സംഘത്തെ രൂപപ്പെടുത്തുന്നതില്‍ സജീവമായിരിക്കുകയാണ്. ജീവനക്കാരുടെ മേധാവിയും മുതിര്‍ന്ന ഉപദേശകനും സെക്രട്ടറിയും അടക്കം സുപ്രധാന തസ്തികകളില്‍ ഉള്ളവരുടെ നിയമനവുമായി ബന്ധപ്പെട്ടാണത്. പ്രഥമ വനിത എന്ന പദവിയുണ്ടെങ്കിലും അതിലുമപ്പുറത്താണ് മാതാവ് എന്ന പദവിയെന്നാണ് മെലാനിയയുടെ വൃത്തങ്ങള്‍ പറയുന്നത്.
അമേരിക്കയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു വിദേശ വനിത പ്രഥമ വനിതയുടെ പദവി അലങ്കരിക്കുന്നത്. 1990 ല്‍ മോഡലിംഗ് രംഗത്ത് അവസരങ്ങള്‍ തേടി അമേരിക്കയിലേക്ക് കുടിയേറിയ മെലാനിയയുടെ വേരുകള്‍ സ്‌ളോവേനിയയിലാണ്. മോഡലിംഗിനിടയിലെ ട്രംപുമായി പ്രണയത്തിലായ മെലാനിയ 2005 ല്‍ മാര്‍ അ ലാഗോയില്‍ വെച്ചായിരുന്നു ട്രംപിനെ വിവാഹം കഴിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല