സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ചെറുവിമാനം ഇടിച്ചിറക്കിയത് ഷോപ്പിംഗ് മാളിലേക്ക്, അഞ്ചു പേര്‍ കൊല്ലപ്പെട്ടു. മെല്‍ബണിലെ എസ്സെന്‍ഡന്‍ ഫീല്‍ഡ്‌സ് വിമാനത്താവളത്തിന് സമീപമുള്ള ഒരു ഷോപ്പിംഗ് മാളിനു മുകളിലാണ് വിമാനം ഇടിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി അധികൃതര്‍ വ്യക്തമായി. അപകടത്തെ തുടര്‍ന്നുണ്ടായ വന്‍ അഗ്‌നിബാധയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
അപകടം നടക്കുമ്പോള്‍ ഷോപ്പിംഗ് മാള്‍ സെന്റര്‍ അടച്ചിട്ടിരിക്കുകയായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വിമാനത്തിലുണ്ടായിരുന്നവരില്‍ ആരും തന്നെ രക്ഷപ്പെട്ടിട്ടില്ലെന്ന് വിക്‌ടോറിയ പോലീസ് അസിസ്റ്റ് കമ്മീഷണര്‍ സ്റ്റീഫന്‍ ലെയ്ന്‍ പറഞ്ഞു. നാല് അമേരിക്കന്‍ പൗരന്മാരും ആസ്‌ട്രേലിയന്‍ പൗരനായ പൈലറ്റുമാണ് മരിച്ചത്. താസ്മാനിയയിലെ കിംഗ് ഐലന്റിലേക്കുള്ള യാത്രാ മധ്യേയാണ് അപകടമെന്നും മാധ്യമങ്ങള്‍ പറയുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ സിവിലിയന്‍ വിമാന ദുരന്തമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് വിമാനം ഇടിച്ചിറക്കിയതെന്നാണ് നിഗമനം. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഷോപ്പിങ് സെന്ററിന് തീപിടിച്ചതും പുകയുയര്‍ന്നതും ആശങ്ക പരത്തി. 60 ലേറെ അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ ദുഃഖം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല