
സ്വന്തം ലേഖകൻ: അനധികൃത കുടിയേറ്റം നിയന്ത്രിക്കാനായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മോലോണി നടപ്പിലാക്കിയ പദ്ധതിക്ക് കോടതിയിൽനിന്നു തിരിച്ചടി. അൽബേനിയയിലെ ക്യാന്പിലേക്ക് അയച്ച 12 കുടിയേറ്റക്കാരെ ഇറ്റലിയിൽ തിരിച്ചെത്തിക്കണമെന്ന് റോമിലെ പ്രത്യേക ഇമിഗ്രേഷൻ കോടതി ഉത്തരവിട്ടു.
ഇവരുടെ സ്വരാജ്യങ്ങൾ സുരക്ഷിതമല്ലെന്നും അങ്ങോട്ടു മടങ്ങാൻ ഇവർക്കു കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കോടതിയുത്തരവിനെ നേരിടുമെന്നും രാജ്യങ്ങൾ സുരക്ഷിതമാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് കോടതിയല്ല, സർക്കാരാണെന്നും ജോർജിയ മെലോണി പ്രതികരിച്ചു.
ഇറ്റാലിയൻ തീരത്തുനിന്നു രക്ഷിക്കുന്ന കുടിയേറ്റക്കാരിൽ ഗർഭിണികളും കുട്ടികളും ഒഴികെയുള്ളവരെ അൽബേനിയയിലേക്ക് അയയ്ക്കുന്ന പദ്ധതിക്ക് ബുധനാഴ്ചയാണു തുടക്കം കുറിച്ചത്. അതേസമയം ഇറ്റാലിയൻ പദ്ധതിയെ മറ്റു യൂറോപ്യൻ രാജ്യങ്ങൾ വിശദമായി വിലയിരുത്തി വരികയാണ്.
അൽബേനിയയിൽ ഇറ്റാലിയൻ സർക്കാർ പണിത ക്യാന്പുകളിലേക്ക് ബംഗ്ലാദേശ്, ഈജിപ്ഷ്യൻ പൗരന്മാരായ 16 പേരെയാണ് അയച്ചതെങ്കിലും പ്രായപൂർത്തിയാകാത്തവരും രോഗബാധിതരുമായ നാലുപേരെ ഇറ്റലിയിലേക്കു തിരികെ കൊണ്ടുവരേണ്ടിവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല