സ്വന്തം ലേഖകന്‍: യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന് സ്മാരകം. ഡാളസിലെ ഇന്ത്യന്‍ സമൂഹം മുന്‍കൈയെടുത്താണ് സ്മാരകം ഒരുക്കിയത്. ശനിയാഴ്ച നടന്ന അനുസ്മരണ ശുശ്രൂഷയില്‍ പ്രത്യേക പ്രാര്‍ഥനയും സ്മാരക സമര്‍പ്പണ ചടങ്ങും നടന്നു.
റെസ്റ്റലാന്‍ഡ് ശ്മശാനത്തിന് സമീപമാണ് ഷെറിന്റെ സ്മാരകം.
ശ്മശാനത്തിനരികെ ഗ്രാനൈറ്റില്‍ തീര്‍ത്ത, ഷെറിന്റെ പേരുകൊത്തിയ പ്രത്യേക ഇരിപ്പിടമാണ് ഒരുക്കിയിരിക്കുന്നത്. ഇരിപ്പിടത്തിന്റെ ഒരുഭാഗം കുട്ടികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. കൂടാതെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്കായി ഷെറിന്റെ ചിരിക്കുന്ന ചിത്രങ്ങളടങ്ങിയ വിഡിയോയും പ്രദര്‍ശിപ്പിച്ചു. ഷെറിനോടുള്ള സ്‌നേഹസൂചകമായി വിതരണം ചെയ്യാനായി നിരവധി കളിപ്പാട്ടങ്ങള്‍ സംഘാടകര്‍ ശേഖരിച്ചിരുന്നു.
ചടങ്ങില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. മലയാളി ദമ്പതികളായ വെസ്‌ലിയുടെയും സിനി മാത്യൂസിന്റെയും വളര്‍ത്തുമകളായ ഷെറിനെ ഒക്‌ടോബര്‍ ഏഴിന് ഡാളസിലെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചക്കുശേഷം ഒക്‌ടോബര്‍ 22ന് വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കലുങ്കിനടിയില്‍ നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെത്തി.
ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായതിനാലും പ്രതിഷേധം കണക്കിലെടുത്തും ഒക്‌ടോബര്‍ 31ന് രഹസ്യമായാണ് ഷെറിന്റെ മൃതദേഹം സംസ്‌കരിച്ചത്. വെസ്‌ലിയും സിനിയും ജയിലിലാണ്. നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിക്കുന്നതിനിടെ കുട്ടി മരിച്ചു എന്നായിരുന്നു വെസ്‌ലിയുടെ ആദ്യ മൊഴി. പിന്നീട് കുട്ടിയുടെ ശരീരത്തിലെ എല്ലുകളില്‍ പൊട്ടലുകള്‍ സംഭവിച്ചിരുന്നതായും ഡോക്ടര്‍ വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല