ഒരു സ്ത്രീയും പുരുഷനും തമ്മില്‍ കണ്ട് ഇഷ്ടപ്പെട്ടാല്‍ എന്ത് സംഭവിക്കും. എന്ത് സംഭവിക്കും എന്നത് പ്രധാനപ്പെട്ട ചോദ്യമല്ല. ആരായിരിക്കും ആദ്യം പ്രണയം വെളിപ്പെടുത്തുക എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇതിനെക്കുറിച്ച് പഠനം നടത്തിയവര്‍ പറയുന്നത് ആദ്യം പ്രണയം വെളിപ്പെടുത്തുന്നത് പുരുഷന്‍ തന്നെയായിരിക്കും എന്നാണ്. അതായത് ഐ ലൗ യു എന്ന് ആദ്യം പറയുന്നത് പുരുഷന്‍ തന്നെയായിരിക്കും.
ഐ ലൗ യു എന്ന് പറയുന്ന കാര്യത്തില്‍ പുരുഷന്‍ സ്ത്രീയെക്കാള്‍ മൂന്നുമടങ്ങ് മുമ്പിലാണ് എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതായത് സ്ത്രീകള്‍ പലവട്ടം അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ പുരുഷന്‍ മുമ്പും പുറകും ആലോചിക്കാതെയങ്ങ് ഐ ലൗ യു എന്ന് പറയും. സ്ത്രീ മൂന്നുവട്ടം ആലോചിക്കുമ്പോള്‍ പുരുഷന്‍ മൂന്നുവട്ടം പറഞ്ഞു കഴിഞ്ഞിരിക്കും എന്നര്‍ത്ഥം. സ്ത്രീകള്‍ പ്രണയം അനുഭവിക്കാനും അനുഭവിപ്പിക്കാനും താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ പുരുഷന്‍ പൊതുവെ അത് പരസ്യമായി പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.
പുരുഷന്‍ ചുംബിച്ചും തലോടിയും തന്റെ പ്രണയം കാമുകിയെ അറിയിക്കാനായിരിക്കും ശ്രമിക്കുക. സ്ത്രീയാണെങ്കില്‍ അത് അടുത്തിരുന്ന് അനുഭവിക്കാനും. അമേരിക്കയിലെ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ സൈക്കോളജിസ്റ്റ് മജീസ ഹാരിസണാണ് ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്തിയത്. പുരുഷന്മാര്‍ക്ക് ഒരു സ്ത്രീയുമായി പ്രണയത്തിലാകാന്‍ കേവലം ആഴ്ചകള്‍ മാത്രം മതി. എന്നാല്‍ സ്ത്രീകള്‍ക്ക് പുരുഷനുമായി പ്രണയത്തിലാകാന്‍ ചിലപ്പോള്‍ മാസങ്ങള്‍തന്നെ വേണ്ടിവരും. കാര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന സ്വഭാവം സ്ത്രീകള്‍ക്ക് ഉള്ളതിനാലാണ് പ്രധാനമായും ഇത്രയും സമയമെടുക്കുന്നത്.
172 കോളേജ് വിദ്യാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ ചെയ്താണ് മജീസ ഹാരിസണ്‍ തന്റെ നിഗമനങ്ങളില്‍ എത്തിയത്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത സ്ത്രീകളില്‍ ഭൂരിപക്ഷവും പറഞ്ഞത് തങ്ങള്‍ക്ക് പുരുഷനുമായി പ്രണയത്തിലാകാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നുതന്നെയാണ്. തങ്ങളുടെ പ്രേമബന്ധത്തില്‍ ആദ്യം ഐ ലൗ യു എന്ന് പറഞ്ഞത് പുരുഷനാണ് എന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ പുരുഷന്മാരോട് സംസാരിച്ചപ്പോള്‍ ഏതാനും ദിവസങ്ങള്‍കൊണ്ടോ ആഴ്ചകള്‍ കൊണ്ടോ പ്രണയത്തിലാകാന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് ബോധ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല