സ്വന്തം ലേഖകന്‍: സൂര്യനു മുന്നിലൂടെ ബുധന്റെ കവാത്ത്, അപൂര്‍വ ആകാശ പ്രതിഭാസത്തിന് തിങ്കളാഴ്ച അരങ്ങൊരുങ്ങും. അടുത്ത തിങ്കളാഴ്ച വൈകുന്നേരമാണ് സൂര്യനു മുന്നിലൂടെ സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്‍ കടന്നു പോകുക. സൂര്യനും ഭൂമിക്കുമിടയില്‍ ബുധന്‍ വരുന്ന ഈ ബുധ സവാരി ഒരു നൂറ്റാണ്ടില്‍ 13 തവണ സംഭവിക്കും.
തിങ്കളാഴ്ച വൈകുന്നേരം 4.30 നു ആരംഭിക്കുന്ന ബുധന്റെ സവാരി രാത്രി 8.27 വരെ തുടരും. 6.33 ന് അസ്തമയമായതിനാല്‍ രണ്ടു മണിക്കൂര്‍ മാത്രമേ ഇന്ത്യയില്‍ അപൂര്‍വ പ്രതിഭാസം കാണാന്‍ സാധിക്കൂ. ബുധന്‍ സവാരി തുടങ്ങി ഒരു മണിക്കൂറോളം കഴിഞ്ഞാലാണു നന്നായി കാണാനാവുക എന്ന് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (എഎസ്‌ഐ) അറിയിച്ചു.
ബുധഗ്രഹം വളരെ ചെറുതായതിനാല്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാനാവില്ല. പ്രകാശ ഫില്‍റ്റര്‍ ഘടിപ്പിച്ച ലെന്‍സോ ബൈനോക്കുലറോ ടെലിസ്‌കോപ്പോ വേണം കാഴ്ചക്ക്. സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കാവുന്ന ഫില്‍റ്റര്‍ ഇല്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. സൂര്യഗ്രഹണം കാണാന്‍ ഉപയോഗിക്കുന്ന പ്രത്യേക കണ്ണടയായാലും മതി.
ഇത്തവണ ബുധ സവാരി മേയില്‍ ആയതിനാല്‍ താരതമ്യേന കൂടിയ വലുപ്പത്തില്‍ ബുധനെ കാണാനാകും. സൂര്യബിംബത്തിന്റെ 158 ല്‍ ഒന്ന് വലുപ്പത്തിലാകും ഇത്തവണ ബുധന്‍. അപൂര്‍വമായ കാഴ്ച കാണാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലബോറട്ടറികള്‍ ഒരുങ്ങിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല