സ്വന്തം ലേഖകൻ: ജർമനി ആയുർവേദത്തെ അംഗീകൃത ചികിത്സ രീതിയായി ഇതുവരെ കണക്കാക്കിയിരുന്നില്ല. ജർമനിയിലെ മെഡിക്കൽ ഇൻഷ്വറൻസ് കന്പനികൾ ആയുർവേദ മരുന്നുകളും അതിന്റെ തെറാപ്പികളും അംഗീകരിച്ചിട്ടുമില്ല. അതിനാൽ ജർമനിയിലെ സാധാരണക്കാർക്ക് ആയുർവേദ ചികിത്സ ലഭ്യമായിരുന്നില്ല.
എന്നാൽ ഈ സ്ഥിതിയ്ക്ക് പരിഹാരമാകുകയാണ് ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ ഇന്ത്യൻ സന്ദർശനത്തോടെ. പ്രധാനമന്ത്രി നരേന്ദ്രമോദിയും മെർക്കലും തമ്മിലുള്ള കൂടിക്കാഴ്ചയിലും തുടർന്നുള്ള ചർച്ചയിലും ആയുർവേദം ചർച്ചാവിഷയമായി. ഭാരതത്തിന്റെ യോഗയുമായി കൂട്ടിയിണക്കി ജർമനിയിൽ ആയുർവേദം കൊണ്ടുവരുമെന്നാണ് മെർക്കൽ ഇതിനുശേഷം പ്രതികരിച്ചത്. നമ്മുടെ ആയുർവേദരംഗത്തിന് വലിയ പ്രതീക്ഷ പകരുന്ന വാക്കുകളാണിത്. ഡിസംബറിൽ ജർമനിയിൽ നടക്കുന്ന ഇരു രാജ്യങ്ങളുടെയും ആരോഗ്യമന്ത്രിമാരുടെ ഉന്നതതല സമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.
കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും ഫ്രാങ്ക്ഫർട്ട് ഇന്നൊവേഷൻ സെന്റർ ഫോർ ബയോ ടെക്നോളജിയും തമ്മിൽ സഹകരിച്ചാവും ജർമനിയിൽ ആയുർവേദം നടപ്പാക്കുക. ക്രിസ്റ്റ്യൻ ഗാർബെയാണ് ഇതിന്റെ മാനേജിംഗ് ഡയറക്ടർ. പടിഞ്ഞാറൻ ക്ലാസിക്കൽ മെഡിസിൻ ഇന്ത്യയിലെ പരന്പരാഗത രോഗശാന്തി കലകളുമായി സംയോജിപ്പിക്കുക എന്നതാണ് സമീപനം. ഭാവിയിൽ, പരന്പരാഗത ഇന്ത്യൻ രോഗശാന്തി കലയായ ആയുർവേദത്തെ ബയോടെക്നോളജിയുമായി എങ്ങനെ സംയോജിപ്പിക്കുമെന്ന് ഇരു സ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുടെ ഒരു സമ്മിശ്ര സംഘം സംയുക്തമായി ഗ വേഷണം ചെയ്ത് മാനദണ്ഡത്തിനു രൂപം നൽകും.
ഇപ്പോൾതന്നെ യോഗയ്ക്കു ജർമനിയിൽ പ്രചാരമുണ്ട്. ആയുർവേദ ചികിത്സ ജർമനിയിൽ ചില ആശുപത്രികളും ഒട്ടേറെ മെഡിക്കൽ പ്രാക്ടീഷണർമാരും നടത്തുന്നുണ്ടെങ്കിലും ഇവിടെ ചികിത്സ തേടുന്നവർ സ്വകാര്യമായി പണം നൽകേണ്ട ചികിത്സാ ക്ലിനിക്കുകളാണ്. സർക്കാർ അംഗീകൃത ചികിത്സ അല്ലാത്തതിനാൽ സാധാരണക്കാരനു താങ്ങാൻ പറ്റില്ല. സർക്കാർ അംഗീകാരത്തോടെ ആയുർവേദം ജർമനിയിലെത്തിയാൽ സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല