വീണ്ടുമൊരു ക്രിസ്തുമസ് കൂടി! ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. ഒരൊറ്റ രാജ്യത്തോ ഭൂഖണ്ഡത്തിലോ ഒതുങ്ങാതെ ലോകമെങ്ങും ആഘോഷത്തിമിര്‍പ്പില്‍ നിറയുന്ന അപൂര്‍വാവസരങ്ങളില്‍ ഒന്നുകൂടിയാണിത്. ക്രിസ്തുവിന്റെ ജനനം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വൈവിധ്യമാര്‍ന്നരീതിയിലാണ് ആഘോഷിക്കുന്നത്.
ക്രിസ്മസ് ആഘോഷങ്ങളിലെ ഈ വ്യത്യസ്തത കൌതുകകരവും ഒപ്പം രസാവഹവുമാണ്. ഓരോ രാജ്യത്തേയും ക്രിസ്മസ് ആഘോഷം മറ്റൊരു രാജ്യത്തെ ക്രിസ്മസ് ആഘോഷത്തില്‍ നിന്നും ഏറെ വിഭിന്നമാണ്. ഓരോ രാജ്യത്തിന്റെയും സംസ്കാരവും ചരിത്രവും ക്രിസ്മസില്‍ ഇടകലരുന്നതിനാലാണ് ആഘോഷങ്ങള്‍ വ്യത്യസ്തമാകുന്നത്. ജീവിക്കാന്‍ വേണ്ടി യുകെയില്‍ എത്തിപ്പെട്ട നമ്മള്‍ മലയാളികള്‍ എല്ലാ ആഘോഷവും വ്യത്യസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് അതുകൊണ്ട് തന്നെ ലോകത്ത് പലയിടങ്ങളിലും ക്രിസ്തുമസ് എങ്ങനെ ആഘോഷിക്കുന്നു എന്ന് നോക്കാം..
ആഫ്രിക്കന്‍ ക്രിസ്മസ്
ആഫ്രിക്കയില്‍ സാധാരണയായി ഒരുസംഘം ആളുകളെ ഓരോ ഗ്രാമങ്ങളിലും ക്രിസ്മസിനായി നേരത്തെതന്നെ നിയോഗിച്ചിരിക്കും. ഇവര്‍ അതിരാവിലെ മുതല്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ച് വീടുകള്‍ കയറിയിറങ്ങി കരോള്‍ നടത്തും, പിന്നീട് സ്വന്തം വീടുകളിലേക്ക് മടങ്ങി ആഘോഷവസ്ത്രങ്ങള്‍ ധരിച്ച് വീടുകളില്‍ നടക്കുന്ന പ്രാര്‍ത്ഥനാപരിപാടിയില്‍ ഉണ്ണിയേശുവിന് കാഴ്ചയര്‍പ്പിക്കും. ഇതിനുശേഷം പള്ളികളിലെത്തി ആരാധനയില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ പള്ളിയിലെ മേശയില്‍ സമര്‍പ്പിക്കും. സുഹൃത്തുക്കളേയും ബന്ധുക്കളേയും ഈ ദിവസം വീടുകളിലേക്ക് ക്ഷണിച്ച് വിശിഷ്ടവിഭവങ്ങളാല്‍ സല്‍ക്കരിക്കും. പലതരം ധാന്യങ്ങള്‍, വിവിധയിനം മാംസവിഭവങ്ങള്‍, സൂപ്പ്, കേക്ക് തുടങ്ങിയവയാണ് അന്നത്തെ പ്രധാന വിഭവങ്ങള്‍. ക്രിസ്തു വരുന്നു എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് തെരുവിലൂടെയുള്ള കുട്ടികളുടെ ഘോഷയാത്രയും ആഫ്രിക്കന്‍ ക്രിസ്മസിന്റെ സവിശേഷതയാണ്.
നൃത്തം ചവിട്ടി അര്‍ജന്‍റീനക്കാര്‍
ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ച് നൃത്തം ചവിട്ടിയാണ് അര്‍ജന്റീനയിലെ മുതിര്‍ന്നവര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. കുട്ടികളാകട്ടെ പടക്കം പൊട്ടിച്ചാണ് ക്രിസ്തുവിന്റെ ജനനത്തെ വരവേല്‍ക്കുന്നത്. പാതിരാത്രിയാകുന്നതോടെ ആളുകള്‍ വീഞ്ഞ് രുചിച്ച് ക്രിസ്മസ് ട്രീയില്‍ നിന്നുമുള്ള സമ്മാനങ്ങള്‍ തുറന്നുനോക്കിയതിനുശേഷം പലതരത്തിലുള്ള കളികളില്‍ മുഴുകും. കോഴി, പന്നി എന്നിവയുടെ മാംസം, ജ്യൂസ്, ബിയര്‍ എന്നിവയാണ് പ്രധാന ക്രിസ്മസ് വിഭവങ്ങള്‍.
ബൈബിള്‍ വായിച്ച് ഇറാക്കുകാര്‍
കത്തിച്ചുപിടിച്ച മെഴുകുതിരികളുമായി വീട്ടുകാര്‍, അവര്‍ക്ക് മുന്നിലിരുന്ന് ക്രിസ്തുവിന്റെ ജനനത്തേക്കുറിച്ചുള്ള ബൈബിള്‍ ഭാഗം വായിക്കുന്ന കുട്ടികള്‍…ഇറാക്കിലെ ക്രിസ്മസ് ദിനങ്ങളിലെ പതിവ് കാഴ്ചയാണിത്. ബൈബിള്‍ വായന കഴിഞ്ഞാലുടന്‍ ഉണങ്ങിയ മുള്‍ച്ചെടി കത്തിക്കും, മുള്‍ച്ചെടി നന്നായി കത്തി ചാരമായാല്‍ അത് ഭാഗ്യമാണെന്നും കുടുംബത്തിന് വരുംവര്‍ഷം ശുഭമായിരിക്കുമെന്നുമാണ് സങ്കല്‍പ്പം. പിന്നീട് ഈ ചാരത്തിലേക്ക് എല്ലാവരും മൂന്നുവട്ടം ചാടി പരസ്പരം ആശംസകള്‍ നേരുന്നു. പള്ളിയില്‍ ബിഷപ്പിന്റെ നേതൃത്വത്തില്‍ ഉണ്ണിയേശുവിന്റെ രൂപം വഹിച്ചുള്ള പ്രദിക്ഷണത്തിനൊടുവില്‍ ഏവരും പള്ളിയില്‍ ഒത്തുചേരുന്നു. ഈ സമയം ബിഷപ്പ് ഒരാളെ സ്പര്‍ശിക്കുകയും ഇയാള്‍ അടുത്തയാളെ സ്പര്‍ശിക്കുകയും അങ്ങനെ ബിഷപ്പില്‍ നിന്നുള്ള സ്പര്‍ശം എല്ലാവരിലേക്കും പകരുകയും ചെയ്യുന്നു.
പ്രാര്‍ത്ഥനാപൂര്‍വം റഷ്യക്കാര്‍
ക്രിസ്മസ് രാവില്‍ ആദ്യനക്ഷത്രം മാനത്ത് പ്രത്യക്ഷപ്പെടുന്നതുവരെയുള്ള 39 ദിവസത്തോളം നോമ്പുനോക്കിയും പ്രാര്‍ത്ഥിച്ചുമാണ് റഷ്യക്കാര്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ തറയില്‍ വൈക്കോല്‍ വിതറുന്നതിലൂടെ വരുംവര്‍ഷങ്ങളില്‍ സമൃദ്ധമായ വിളപ്പെടുപ്പ് ലഭിക്കുമെന്നാണ് റഷ്യക്കാരുടെ വിശ്വാസം. ഒപ്പം കോഴികളെപ്പോലെ ഇവര്‍ കൂവുകയും ചെയ്യും. ഇങ്ങനെ ചെയ്താല്‍ അടുത്തവര്‍ഷം കോഴി ധാരാളം മുട്ടയിടുമെന്നാണ് വിശ്വാസം. മുത്തശ്ശിയില്‍ നിന്നും ക്രിസ്മസ് സമ്മാനങ്ങള്‍ ഏറ്റുവാങ്ങുന്ന പതിവും റഷ്യയില്‍ ഉണ്ട്.
എത്യോപ്യന്‍ ക്രിസ്മസ് ജനുവരിയില്‍
ജനുവരി ഏഴിനാണ് എത്യോപ്യയില്‍ ക്രിസ്മസ് ആഘോഷം. പള്ളിയിലേക്ക് കടന്നുവരുന്ന വിശ്വാസികള്‍ക്ക് മെഴുകുതിരികള്‍ നല്‍കും. അതും കത്തിച്ച് പള്ളിക്ക് ചുറ്റും മൂന്നുവട്ടം പ്രദിക്ഷണം വച്ചതിനുശേഷം മൂന്നുമണിക്കൂര്‍ നീളുന്ന പ്രാര്‍ത്ഥനയില്‍ ഏവരും ഒരുനിമിഷം പോലും ഇരിക്കാതെ നിന്നുകൊണ്ട് പങ്കുകൊള്ളും. സാധാരണയായി വസ്ത്രങ്ങളാണ് ക്രിസ്മസിന് സമ്മാനമായി നല്‍കാറുള്ളത്. ക്രിസ്മസ് ദിനത്തില്‍ വീടിനുപുറത്ത് പ്രാര്‍ത്ഥനയിലും ഗാനാലാപനത്തിലും കഴിച്ചുകൂട്ടാനാണ് എത്യോപ്യക്കാര്‍ ഇഷ്ടപ്പെടുന്നത്.
സമ്മാനങ്ങളും സാന്തായുമായി യൂറോപ്പിലെ ക്രിസ്മസ്
ഒരു കാലത്ത് ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിത്തറ പാകിയ യൂറോപ്പില്‍ ഇന്ന് ക്രിസ്മസ് എന്നാല്‍ സമ്മാനങ്ങള്‍ കൈമാറാനുള്ള അവസരമായാണ് പലരും കാണുന്നത്.പുതു തലമുറയിലെ പലര്‍ക്കുംക്രിസ്മസ് സാന്താക്ലോസ് അപ്പൂപ്പന്‍റെ ഉല്‍സവമാണ്.ചുരുക്കം ചില ക്രിസ്ത്യന്‍ കമ്യൂണിറ്റികളില്‍ മാത്രമാണ് യേശുവിന്‍റെ തിരുപ്പിറവി ആഘോഷങ്ങള്‍ ക്രിസ്മസിന് നടക്കുക.
യു കെ മലയാളികളുടെ ക്രിസ്മസ്
മറുനാട്ടിലും വിശ്വാസദീപ്തി കൈവിടാത്ത യു കെ മലയാളികള്‍ പാരമ്പര്യതനിമയോടെയാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്.ഒട്ടു മിക്ക മലയാളി കൂട്ടായ്മകളിലും ഇന്നലെയും ഇന്നുമായി വിശുദ്ധ കുര്‍ബാന നടക്കുന്നു.കുര്‍ബാനയ്ക്ക് പുറമേ പള്ളി കമ്മിറ്റികളുടെ വകയായും മലയാളി അസ്സോസിയേഷനുകളുടെ വകയായും ക്രിസ്മസ് പുതുവല്‍സര ആഘോഷങ്ങള്‍ നടക്കുന്നുണ്ട്.ലോകരക്ഷകന്റെ തിരുപ്പിറവിയോട് അനുബന്ധിച്ചുള്ള തീമുകള്‍,ഗാനങ്ങള്‍,സ്കിറ്റുകള്‍ തുടങ്ങിയവയാണ് ആഘോഷങ്ങളിലെ പ്രധാന കലാപരിപാടികള്‍. .ക്രിസ്തുമസ് എന്നാല്‍ സാന്താക്ലോസ് സമ്മാനങ്ങളുമായി വരുന്ന ദിവസമല്ല,മറിച്ച് ലോകജനതയുടെ രക്ഷയ്ക്കായി ദൈവം മനുഷ്യാവതാരമെടുത്ത പുണ്യദിനമാണ് എന്ന സന്ദേശം പുതു തലമുറയിലേക്ക് എത്തിക്കുവാന്‍ ഓരോ മലയാളിയും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ഇങ്ങനെ ലോകം പല തരത്തില്‍ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ എന്‍ആര്‍ഐ മലയാളിയുടെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരു ക്രിസ്തുമസ് ആശംസിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല