സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയയില്‍ മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പറേറ്ററി സിന്‍ഡ്രോം) രോഗം പടരുന്നു. തിങ്കളാഴ്ച ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മെര്‍സ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. ഡീജിയോണ് സ്വദേശിയായ എണ്‍പതുകാരനാണ് മരിച്ചത്.
23 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 87 ആയി ഉയര്‍ന്നു. 2,300 പേര് നിരീക്ഷണത്തിലാണ്. രോഗം പടരുന്നത് തടയാന്‍ രാജ്യത്തെ 1,900 ഓളം സ്കൂളുകള്‍ അടച്ചുപൂട്ടി.
2012ല്‍ മിഡില്‍ ഈസ്റ്റിലാണ് മെര്‍സ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. സൗറി അറേബ്യന്‍ പൗരനാണ് ആദ്യമായി ഈ രോഗം ബാധിച്ച് മരിക്കുന്നത്. സാധാരണ ജലദോഷം മുതല്‍ സാര്‍സ് വരെ ഉള്‍പ്പെടുന്ന ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതാണ് ഈ രോഗം.
പുതിയ ഇനം കൊറോണ വൈറസാണ് ഇത് പടര്‍ത്തുന്നത്. പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷത്തോടെ തുടങുന്ന മെര്‍സ് പിന്നീട് ന്യുമോണിയിലേക്കും കിഡ്നിയുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിലേക്കും കടക്കും.
രോഗം മൂര്‍ഛിക്കുന്നത് തടയാന്‍ കഴിയുന്ന വാക്സിനോ പ്രത്യേക ചികിത്സയോ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ രോഗം നിയന്ത്രണാതീതമായാല്‍ മരണം ഉറപ്പാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച 36% പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല