സ്വന്തം ലേഖകന്‍: മേര്‍സ് (മിഡില്‍ ഈസ്റ്റ് റസ്പിരേറ്ററി സിന്‍ഡ്രോം) ബാധയെത്തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ ആദ്യ മരണം. ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് രണ്ടുപേരാണ് ഇതുവരെയായി മരിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ഗ്യെയോങ്കി പ്രവിശ്യയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 57 വയസുകാരിയാണ് ഇന്നലെ മരണമടഞ്ഞത്. രാജ്യത്ത് മേര്‍സ് സ്ഥിരീകരിച്ച ആദ്യ വ്യക്തിയുമായി ഇവര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തുടര്‍ന്ന് ഈ ആശുപത്രിയില്‍ തന്നെ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന എഴുപത്തിയൊന്നുകാരനായ മറ്റൊരു രോഗിയും മരണമടഞ്ഞു.
700 ലേറെ പേരെ പ്രത്യേക നിരീക്ഷണത്തിനായി മാറ്റി പാര്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. രോഗികളെ താമസിപ്പിച്ചിരിക്കുന്ന ആശുപത്രിയെക്കുറിച്ച് വെളിപ്പെടുത്താത്തത് ആശങ്കകള്‍ക്ക് ഇട നല്‍കുന്നുണ്ട്.
മുന്‍കരുതല്‍ നടപടിയായി നിരവധി സ്‌കൂളുകള്‍ അടച്ചുപൂട്ടി. ദക്ഷിണ കൊറിയയില്‍ കണ്ടെത്തിയ വൈറസ് മ്യൂട്ടേഷന് വിധേയമായിട്ടില്ലെന്ന് ഡബ്ല്യൂ.എച്ച്.ഒ അറിയിച്ചു. രോഗം സ്ഥിരീകരിച്ച് രണ്ടാഴ്ചക്കുള്ളില്‍ തന്നെ 25 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം വ്യാപിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
2003 ല്‍ പൊട്ടിപ്പുറപ്പെട്ട സാര്‍സിന്റെ ഗണത്തില്‍പ്പെട്ട ഒരു പ്രത്യേക കൊറോണ വൈറസാണ് രോഗകാരണം. സാര്‍സിനെക്കാള്‍ മാരകമായ മേര്‍സിന് ചികിത്സയും വാക്‌സിനും കണ്ടെത്താത്തതിനാല്‍ മരണനിരക്ക് ഉയരാനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്.
ആഗോളതലത്തില്‍ 1,161 പേര്‍ക്ക് രോഗം ബാധിച്ചതായും 436 പേര്‍ ഇതിനകം മരണമടഞ്ഞതായും ഡബ്ല്യൂ.എച്ച്.ഒ ഔദ്യോഗിക വക്താവ് ക്രിസ്റ്റ്യന്‍ ലിന്റ്മിയര്‍ ജനീവയില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല