സ്വന്തം ലേഖകന്‍: മെര്‍സല്‍ കണ്ടത് ഇന്റര്‍നെറ്റിലാണെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ, മോദി സര്‍ക്കാര്‍ എന്നാണ് പൈറസി നിയമവിധേയമാക്കിയതെന്ന് നടന്‍ വിശാല്‍, മെര്‍സല്‍ വിവാദത്തില്‍ നാണംകെട്ട് ബിജെപി. ‘മെര്‍സല്‍’ കണ്ടത് എങ്ങനെയാണ് എന്നുള്ള ചോദ്യത്തിന് കണ്ടത് ഇന്റര്‍നെറ്റിലാണെന്ന് രാജ തുറന്നു സമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിശാല്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു.
ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവ് തുറന്നുപറയുന്നും പുതുതായി റിലീസ് ചെയ്ത സിനിമ ഇന്റര്‍നെറ്റില്‍ കണ്ടുവെന്ന്. ഇത് വേദനിപ്പിക്കുന്നു. ഇനിയെങ്ങാനും ഗവണ്‍മെന്റ് പൈറസിയെത്തന്നെ നിയമവിധേയമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? സിനിമാ മേഖലയിലുള്ള ആയിരങ്ങളെ മരണത്തിലേക്ക് തള്ളിവിടാനാണോ സര്‍ക്കാറിന്റെ ഭാവം? വിശാല്‍ ചോദിക്കുന്നു. പ്രസ്താവനയില്‍ രാജ നിരുപാധികം മാപ്പുപറയണമെന്ന് വിശാല്‍ ആവശ്യപ്പെടുന്നു.
നേരത്തെ ഒരു ചാനലിനോടായിരുന്നു രാജയുടെ തുറന്നുപറച്ചില്‍. കൂടാതെ വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ രാജ മെര്‍സലിന്റെ നിര്‍മാതാവ് ക്രിസ്ത്യാനിയാണോ എന്ന് പരിശോധിക്കും എന്നും തട്ടിവിട്ടു. ഇന്റര്‍നെറ്റില്‍നിന്ന് സിനിമയുടെ വ്യാജ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് കടുത്ത നിയമ ലംഘനമാണെന്നിരിക്കെ ഇയാള്‍ക്കെതിരെ നിയമ നടപടി വേണമെന്നാണ് സിനിമാ പ്രവര്‍ത്തകരുടെ ആവശ്യം. രജനീകാന്തും കമല്‍ഹാസനും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ മെര്‍സലിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ പ്രശ്‌നത്തില്‍ ബിജെപി പ്രതിരോധത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല