1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2011

ബ്രസീല്‍ ലോകകപ്പില്‍ കിരീടം നേടുകയെന്ന അര്‍ജന്റൈന്‍ സ്വപ്നത്തിന് കൊല്‍ക്കത്തയില്‍ വിജയത്തുടക്കം. ആവേശക്കടലലകള്‍ തീര്‍ത്ത സാള്‍ട്ട്‌ലേക്കില്‍, ക്യാപ്റ്റനെന്ന നിലയില്‍ സൂപ്പര്‍ത്താരം ലയണല്‍ മെസ്സിയുടെ അരങ്ങേറ്റവും ഗംഭീരം. ഒക്ടോബര്‍ 14-ന് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നേരിടേണ്ട വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെടുത്തിയത്. 67-ാം മിനിറ്റില്‍ മെസ്സിയെടുത്ത കോര്‍ണര്‍ കിക്കില്‍നിന്ന് നിക്കോളാസ് ഒട്ടാമെന്‍ഡി നേടിയ ഗോളിനാണ് സാള്‍ട്ട്‌ലേക്കിലെ കന്നി അന്താരാഷ്ട്ര സൗഹൃദ മത്സരം അര്‍ജന്റീന സ്വന്തമാക്കിയത്. രാജ്യത്തിനുവേണ്ടി കളിക്കുമ്പോള്‍ നിറംമങ്ങുന്നുവെന്ന ആരോപണം അസ്ഥാനത്താക്കി അത്യുഗ്രന്‍ പ്രകടനം പുറത്തെടുത്ത മെസ്സിയായിരുന്നു മത്സരത്തിലെ ഹീറോ. ഗോള്‍ നേടാനായില്ലെങ്കിലും മെസ്സി ടീമിന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സബേലയ്ക്കും മെസ്സിക്കും വിജയത്തുടക്കം.

മുന്‍നിരയില്‍ സര്‍വതന്ത്ര സ്വതന്ത്രനായി പറന്നുനടക്കുകയെന്ന ബാഴ്‌സലോണയിലെ രീതിയാണ് മെസ്സി സാള്‍ട്ട്‌ലേക്കില്‍ പുറത്തെടുത്തത്. കളി തുടങ്ങുമ്പോള്‍ ഇടതുവിങ്ങിലായിരുന്നെങ്കില്‍, ഒന്നേ രണ്ടോ നീക്കത്തിനുശേഷം വലതുവിങ്ങിലേക്ക് സ്ഥാനം മാറി. പതുക്കെ ഹിഗ്വയ്‌നെ വലതുവിങ്ങിലേക്ക് മാറ്റി മെസ്സി സെന്‍ട്രല്‍ സ്‌ട്രൈക്കറായി മാറി. എതിരാളികള്‍ക്ക് മെസ്സി പിടികൊടുക്കാതെ മുന്നേറുന്ന കാഴ്ചയായിരുന്നു എല്ലായ്‌പ്പോഴും. കടുത്ത പ്രതിരോധത്തിലൂടെ മെസ്സിയെ പൂട്ടാമെന്ന വെനസ്വേലന്‍ തന്ത്രത്തെ മെസ്സി അനായാസം മറികടന്നു.

സാള്‍ട്ട്‌ലേക്കിലെ കൃത്രിമ ടര്‍ഫില്‍ മെസ്സി തുടക്കം മുതലേ താളം കണ്ടെത്തിയെങ്കിലും ശേഷിച്ചവര്‍ക്ക് അതത്ര വേഗം വഴങ്ങിയില്ല. എന്നാല്‍, മെസ്സി മാജിക്കിന് സാക്ഷിയാകാന്‍ കാണികള്‍ക്ക് വേണ്ടുവോളം അവസരമുണ്ടായി. അസാമാന്യ പാടവത്തോടെയുള്ള ഡ്രിബ്ലിങ്ങുകളും മിന്നല്‍പ്പിണര്‍ വേഗത്തിലുള്ള മുന്നേറ്റവും അത്ഭുതപ്പെടുത്തുന്ന പാസ്സുകളും മെസ്സിയുടെ ബൂട്ടില്‍നിന്ന് പിറന്നതോടെ, സാള്‍ട്ട്‌ലേക്കിലെത്തിയ എഴുപതിനായിരത്തിലേറെ കാണികളുടെ ആരവം നിലയ്ക്കാതെ തുടര്‍ന്നു.

അഞ്ചാം മിനിറ്റില്‍ മെസ്സിയെ വീഴ്ത്തിയതിന് ബോക്‌സിനുമുന്നില്‍നിന്ന് കിട്ടിയ ഫ്രീക്കിക്കാണ് സാള്‍ട്ട്‌ലേക്കില്‍ പ്രതീക്ഷയുടെ ആദ്യ അമിട്ട് പൊട്ടിച്ചത്. മെസ്സിയെടുത്ത ഫ്രീക്കിക്ക് വെനസ്വേലന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. നാലുമിനിറ്റിനുശേഷം മെസ്സി മാജിക്. വെനസ്വേലന്‍ പ്രതിരോധത്തിലൂടെ ഊളിയിട്ട് മുന്നേറിയ മെസ്സി ബോക്‌സിനുള്ളില്‍നിന്ന് നല്‍കിയ പാസ് കാലില്‍ കൊരുക്കാനായെങ്കിലും എയ്ഞ്ചല്‍ ഡി മാരിയയുടെ ഷോട്ട് പുറത്തേക്കുപോയി.

പതിനെട്ടാം മിനിറ്റില്‍ വീണ്ടും മെസ്സി മൈതാനത്തെ കോരിത്തരിപ്പിച്ചു. അതിവേഗത്തില്‍ ബോക്‌സിലേക്കുകുതിച്ച മെസ്സി നല്‍കിയ ക്രോസില്‍ മരിയ കനത്ത ഷോട്ടുതിര്‍ത്തെങ്കിലും ഇക്കുറിയും ലക്ഷ്യത്തിലെത്തിയില്ല. 24-ാം മിനിറ്റില്‍ ഗോളിലേക്ക് മെസ്സിക്ക് അവസരമൊരുങ്ങിയെങ്കിലും നഷ്ടപ്പെട്ടു. ഇക്കുറി മരിയയുടെ ക്രോസ് മെസിയുടെ കാലിലെത്തുന്നതിനുമുന്നെ ഗോള്‍മുഖത്തുനിന്ന് വെനസ്വേലന്‍ ഗോളി റാഫേല്‍ റോമോ തട്ടിത്തെറിപ്പിച്ചു.

കളിക്ക് അരമണിക്കൂര്‍ പ്രായമെത്തിയപ്പോള്‍ മെസ്സിയില്‍നിന്ന് മറ്റൊരു മാജിക്. വെനസ്വേലന്‍ പ്രതിരോധ നിരതാരത്തിന്റെ കാലില്‍നിന്ന് പന്തുതട്ടിയെടുത്ത് മൂന്നുപേരെക്കൂടി വെട്ടിയൊഴിഞ്ഞ് മെസ്സി പോസ്റ്റിലേക്ക് തൊടുത്തെങ്കിലും പന്ത് റോമോ കൈയിലൊതുക്കി. ആദ്യ പകുതിയില്‍ അര്‍ജന്റീനയ്ക്ക് ഗോള്‍ നേടായില്ലെങ്കില്‍ അതിന്റെ ക്രെഡിറ്റ് വെനസ്വേലയുടെ പ്രതിരോധനിരയ്ക്കുള്ളതാണ്. ഉയരക്കാരനായ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ വിസ്‌കരാന്‍ഡോയുടെ ഇടപെടലുകള്‍ ഹൈബോളുകളില്‍ അര്‍ജന്റൈന്‍ താരങ്ങളെ തീര്‍ത്തും നിസ്സഹായരാക്കി. ക്യാപ്റ്റന്‍ തോമസ് റിങ്കണും പ്രതിരോധത്തില്‍ കോട്ട തീര്‍ത്തു

രണ്ടാം പകുതിയില്‍ മൂന്നുതവണ ഗോള്‍നിഷേധിക്കപ്പെട്ട അര്‍ജന്റീനയ്ക്ക് 67-ാം മിനിറ്റില്‍ വെനസ്വേലന്‍ ഗോള്‍മുഖം തുറക്കാനായി. മെസ്സിയുടെ തകര്‍പ്പനൊരു ഗ്രൗണ്ടര്‍ ഗോളി റോമോ രക്ഷപ്പെടുത്തിയതിനു പിന്നാലെ കിട്ടിയ കോര്‍ണര്‍ കിക്കില്‍ിനന്നായിരുന്നു ഗോള്‍. മെസ്സിയെടുത്ത കോര്‍ണറില്‍ പ്രതിരോധനിര താരം നിക്കോളാസ് ഒട്ടാമെന്‍ഡിയെടുത്ത ബൗണ്‍സി ഹെഡ്ഡര്‍ റോമോയെ മറികടന്ന് വലയിലേക്ക് തറഞ്ഞു കയറി. നേരത്തെ, 62-ാം മിനിറ്റില്‍ മെസ്സി തൊടുത്ത ഫ്രീക്കിക്ക് ബോക്‌സിനെ ഉരുമ്മി പുറത്തുപോയപ്പോഴും തൊട്ടുപിന്നാലെ മെസ്സിയുടെ തകര്‍പ്പന്‍ പാസ്സില്‍ ഹിഗ്വയ്‌ന്റെ ഷോട്ട് ക്രോസ് ബാറില്‍ത്തട്ടി്‌തെറിച്ചപ്പോളും നെടുവീര്‍പ്പിട്ട സ്റ്റേഡിയം ഗോള്‍ വീണതോടെ ആവേശക്കടലായി മാറി. ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം 72-ാം മിനിറ്റില്‍ പസ്റ്റോറെ നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ ഗോളി വീണുകിടക്ക കിട്ടിയ തുറന്ന അവസരം പസ്റ്റോറെ നഷ്ടപ്പെടുത്തുകയും ചെയ്തു.

കോപ്പയുടെ സെമിയിലെത്തിയത് വെറുതെയല്ലെന്ന് തെളിയിക്കുന്ന ചില പ്രകടനങ്ങള്‍ വെനസ്വേലയുടെ ഭാഗത്തുനിന്നുണ്ടായി. അര്‍ജന്റൈന്‍ പ്രതിരോധനിരയുടെ ദൗര്‍ബല്യങ്ങളെ പ്രത്യാക്രമണത്തിലെ വേഗതകൊണ്ട് ഭയപ്പെടുത്തിയ വെനസ്വേല ആദ്യ പകുതിയില്‍ത്തന്നെ രണ്ടുവട്ടം ഗോളിനടുത്തെത്തി. പതിനാറാം മിനിറ്റില്‍ വലതുവിങ്ങിലൂടെ മുന്നേറിയ സലോമന്‍ റാന്‍ഡണ്‍ നല്‍കിയ ക്രോസ് നിക്കോളാസ് ടെഡര്‍ കണക്ടുചെയ്യുമ്പോള്‍ അര്‍ജന്റീനയുടെ പ്രതിരോധനിര തീര്‍ത്തും പരാജയപ്പെട്ടിരുന്നു. എന്നാല്‍, ടെഡററുടെ ഷോട്ട് പുറത്തേക്കുപോയി. 34-ാം മിനിറ്റില്‍ ഫ്രാങ്ക് ഫെല്‍ഷര്‍ ഇടതുവിങ്ങിലൂടെ നടത്തിയ കുതിപ്പും അര്‍ജന്റീനയുടെ ഹൃദയമിടിപ്പ് കൂട്ടി. ഫെല്‍ഷറുടെ ഷോട്ട് നേരീയ വ്യത്യാസത്തില്‍ പുറത്തുപോവുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും വെനസ്വേല അര്‍ജന്റൈന്‍ ഗോള്‍മുഖത്ത് റെയ്ഡുകള്‍ നടത്തി. 47-ാം മിനിറ്റിലും 60-ാം മിനിറ്റിലും ലെസാക്കിന്റെ ഷോട്ടുകള്‍ അര്‍ജന്റീന ഗോളി സെര്‍ജിയോ റൊമേറോ രക്ഷപ്പെടുത്തി.

പുതിയ ക്യാപ്റ്റനുകീഴില്‍ പുതിയൊരു രീതിയിലാണ് അര്‍ജന്റീന കോച്ച് അലസാന്‍ഡ്രോ സബേല ടീമിനെ വിന്യസിച്ചത്. മരിയ-മെസ്സി-ഹിഗ്വയ്ന്‍ ത്രയത്തെ മുന്‍നിരയില്‍ നിര്‍ത്തിയ സബേല, അവര്‍ക്കുപിന്നില്‍ ലൂയി ഗോണ്‍സാലെസിനെയും റിക്കാര്‍ഡോ അല്‍വാരസിനെയും അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരായി നിയോഗിച്ചു. ടീമിലെ യൂട്ടിലിറ്റി പ്ലേയര്‍ ഹാവിയര്‍ മഷെറാനോയ്ക്ക് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ ചുമതലയായിരുന്നു. അരങ്ങേറ്റക്കാരനായ അല്‍വാരസിന് പകരം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഹാവിയര്‍ പസ്റ്റോറെയെ സബേല നിയോഗിച്ചു. ലൂച്ചോ ഗോണ്‍സാലെസിന് പകരം ഹോസെ സോസയും ഹിഗ്വയ്‌ന് പകരം സെര്‍ജിയോ അഗ്യൂറോയെയും പാബ്ലോ സബലേറ്റയ്ക്ക് പകരം ഫ്രെഡറിക്കോ ഫെര്‍ണാണ്ടസിനെയും നിയോഗിച്ചു.

പരിക്കുകള്‍ നന്നേ കുറഞ്ഞ മത്സരത്തില്‍ മലയാളി റഫറി റോവനും ഏറെ കഷ്ടപ്പെടേണ്ടിവന്നില്ല. രണ്ടുതവണമാത്രമേ റോവന് മഞ്ഞക്കാര്‍ഡെടുക്കേണ്ടിവന്നുള്ളൂ. എന്നാല്‍, മത്സരം 89 മിനിറ്റ് പിന്നിട്ടയുടനേ മത്സരം അവസാനിപ്പിച്ചത് വെനസ്വേലന്‍ താരങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. തന്റെ കൈയിലെ സ്റ്റോപ്പ് വാച്ച് കാട്ടി റോവന്‍ അവരെ സമാധാനിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.