സ്വന്തം ലേഖകൻ: സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫുട്ബാൾ ഗ്രൗണ്ടിന്റെ ഇരുവശത്തുമായി നിലയുറപ്പിച്ചാൽ ആരാധകർക്ക് അതിലും വലിയൊരു വിരുന്നില്ല. ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും ദേശീയ തലത്തിലും ഇവരുടെ ടീമുകൾ ഏറ്റുമുട്ടിയപ്പോഴെല്ലാം കാണികൾ ഇരുപക്ഷം ചേർന്നുനിന്ന് ആ പോരിൽ പങ്കാളികളായിട്ടുണ്ട്.
ക്രിസ്റ്റ്യാനോ സൗദിയിലെ അൽ നസ്റിലേക്കും മെസ്സി യു.എസ്.എയിലെ ഇന്റർ മയാമിയിലേക്കും ചേക്കേറിയതോടെ ഇനിയൊരു പോരാട്ടം ഉണ്ടാവില്ലെന്ന് കരുതിയവർക്ക് ആവേശം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഏറെ നാളുകൾക്ക് ശേഷം ഇരുവരും ഒരിക്കൽ കൂടി പരസ്പരം പോരിനിറങ്ങുന്ന കാര്യം ലയണൽ മെസ്സിയുടെ ക്ലബായ ഇന്റർ മയാമി സമൂഹ മാധ്യമമായ എക്സിലൂടെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഫെബ്രുവരി ഒന്നിന് റിയാദിലാണ് ഇന്റർ മയാമി-അൽ നസ്ർ മത്സരം നടക്കുക. ജനുവരി 29ന് അൽ ഹിലാലുമായും മത്സരമുണ്ട്. പ്രീ സീസൺ ടൂറിന്റെ ഭാഗമായാണ് സൗഹൃദ മത്സരങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല