1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2012

അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ തുടര്‍ച്ചയായി മൂന്നാംവര്‍ഷവും ലോക ഫുട്ബോളറായി(ഫിഫ ബാലണ്‍ ഡി ഓര്‍) തെരഞ്ഞെടുത്തു. ബാഴ്സലോണയുടെ സ്പാനീഷ് താരം സാവി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്യാനോ റൊണാള്‍ഡോ എന്നിവരെ പിന്തള്ളിയാണ് മെസി ഇത്തവണയും ലോകതാരമായത്. ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്‍, ബ്രസീലിന്റെ റൊണാള്‍ഡോ തുടങ്ങിയവരാണ് ഇതിനു മുമ്പ് മൂന്നു തവണ ലോക ഫുട്ബോളര്‍ പുരസ്കാരം നേടിയിട്ടുള്ളത്.

എന്നാല്‍ ഹാട്രിക് നേട്ടത്തോടെയാണ് മെസി ഇവരില്‍ നിന്നു വ്യത്യസ്തനാകുന്നത്. ജപ്പാന്റെ ഹൊമാരെ സാവയാണ് മികച്ച വനിതാ താരം. കഴിഞ്ഞ അഞ്ചു വര്‍ഷം തുടര്‍ച്ചയായി മികച്ച വനിതാ ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരത്തിനു അര്‍ഹയായ ബ്രസീലിന്റെ മാര്‍ത്തയെ പിന്തള്ളിയാണ് സാവ മികച്ച വനിതാ ഫുട്ബോളറായത്. ബാഴ്സലോണയ്ക്കു വേണ്ടി നടത്തിയ ഉജ്ജ്വല പ്രകടനങ്ങളാണ് ഹാട്രിക് നേട്ടത്തിലേയ്ക്കു മെസിയെ നയിച്ചത്. 61 മത്സരങ്ങളില്‍ നിന്നായി മെസി 55 ഗോളുകള്‍ നേടി.

ബാഴ്‌സലോണയ്ക്കു വേണ്ടി എക്കാലവും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ജന്മനാടായ അര്‍ജന്റീനയ്ക്കു വേണ്ടി വേണ്ടപോലെ തിളങ്ങാന്‍ കഴിയുന്നില്ല എന്നതു മാത്രമാണ് മെസ്സിക്കെതിരെ ഉയര്‍ന്ന ഒരേയൊരു ന്യൂനത. സ്പാനിഷ് ലീഗ് മുന്‍ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസുകാരനായ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ ബാഴ്‌സലോണയില്‍ തന്റെ കൂട്ടാളിയായ സാവി ഹെര്‍ണാണ്ടസിനെയും മറികടന്നാണ് മെസ്സി മികച്ച ലോകതാരമായി തിരഞ്ഞെടുക്കപ്പെട്ടത്.

അന്താരാഷ്ട്ര ഫുട്‌ബോള്‍ ടീമുകളുടെ പരിശീലകരും ക്യാപ്റ്റന്മാരും ഫുട്‌ബോള്‍ കളിയെഴുത്തുകാരും ചേര്‍ന്നാണ് മികച്ച് ഫുട്‌ബോള്‍ താരത്തെ തിരഞ്ഞെടുത്തത്. മെസ്സിക്ക് 47.88 ശതമാനം വോട്ടു കിട്ടിയപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും (21.6%) സാവിയും (9.23%) ബഹുദൂരം പിന്നിലായി. വനിതാ വിഭാഗത്തില്‍ ബ്രസീലിന്റെ മാര്‍ത്തയെയും അമേരിക്കയുടെ അബ്ബി വാംബാക്കിനെയും പിന്നിലാക്കിയാണ് ജപ്പാന്‍കാരി ഹൊമാരി സാവ മികച്ച താരമായത്.

മികച്ച ഗോളിനുള്ള ഫിഫ പുഷ്‌കാസ് അവാര്‍ഡ് -നെയ്മര്‍ (ബ്രസീല്‍). ഒറ്റയ്ക്കുള്ള മുന്നേറ്റത്തില്‍ നെയ്മര്‍ നേടിയ ഈ ഗോളിലാണ് ബ്രസീലിയന്‍ ലീഗില്‍ സാന്റോസ് ഫ്ലമംഗോയെ മറികടന്നത്(5-4). പുരുഷ ടീമിന്റെ മികച്ച പരിശീലകനായി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബാഴ്‌സലോണയുടെ കോച്ച് പെപ് ഗാര്‍ഡിയോള തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാനെ ലോക വനിതാ ഫുട്‌ബോള്‍ കിരീടത്തിലേക്ക് നയിച്ച പരിശീലകന്‍ നോറിയോ സസാക്കിയാണ് മികച്ച വനിതാ ഫുട്‌ബോള്‍ പരിശീലകന്‍.

2011ലെ ഫെയര്‍ പ്ലേ അവാര്‍ഡ് ജാപ്പനീസ് ഫുട്‌ബോള്‍ അസോസിയേഷനാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 19 വട്ടം ലീഗ് കിരീടത്തിലേക്ക് നയിച്ച സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ ഫിഫ പ്രസിഡണ്ട്‌സ് അവാര്‍ഡിന് അര്‍ഹനായി.

ഫിഫയുടെ ഫിഫ്‌പ്രോ ലോക ഇലവന്‍: ഇകേര്‍ കസ്സീയസ്(ഗോളി, സ്‌പെയിന്‍-റയല്‍ മാഡ്രിഡ്), ഡാനി ആല്‍വ്‌സ്(ബ്രസീല്‍-ബാഴ്‌സലോണ), ജെറാര്‍ഡ് പീക്വെ(സ്‌പെയിന്‍-ബാഴ്‌സലോണ), സെര്‍ജിയോ റാമോസ്(സ്‌പെയിന്‍-റയല്‍ മാഡ്രിഡ്), നെമാന്‍ജ വിദിച്ച്(സെര്‍ബിയ-മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ആന്ദ്രെ ഇനിയേസ്റ്റ(സ്‌പെയിന്‍-ബാഴ്‌സലോണ), സാബി അലോണ്‍സോ(സ്‌പെയിന്‍-റയല്‍ മാന്ര്രഡിഡ്), സാവി(സ്‌പെയിന്‍-ബാഴ്‌സലോണ), ലയണല്‍ മെസ്സി(അര്‍ജന്റീന-ബാഴ്‌സലോണ), ക്രിസ്റ്റിയാനോ റൊണാള്‍ഡോ(പോര്‍ച്ചുഗല്‍-റയല്‍ മാഡ്രിഡ്), വെയ്ന്‍ റൂണി(ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ്).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.