1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2024

സ്വന്തം ലേഖകൻ: യുകെയിൽ തിങ്കളാഴ്ച മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയ്ക്കൊപ്പം ബെർട്ട് കൊടുങ്കാറ്റും വീശി തുടങ്ങിയത് സ്ഥിതി കൂടുതൽ ദുഷ്കരമാക്കുന്നു. കഴിഞ്ഞ ദിവസം ബെർട്ട് കൊടുങ്കാറ്റിൽ കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് വിൻചെസ്റ്ററിന് സമീപം എ 34 ൽ കാറിൽ മരം വീണ് 60 വയസുള്ള ഒരാൾ മരിച്ചതായി ഹാംഷെയർ പൊലീസ് പറഞ്ഞത്.

കാറ്റിന് ഒപ്പം ചിലയിടങ്ങളിൽ മഴയും ആരംഭിച്ചിട്ടുണ്ട്. ഇതേതുടർന്ന് ഇനിയുള്ള ദിവസങ്ങളിൽ കാലാവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് മുന്നറിയിപ്പ് ഉണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ 4 ഇഞ്ചിലേറെ കനത്തില്‍ മഞ്ഞടിഞ്ഞു കഴിഞ്ഞു. ഇപ്പോഴും മഞ്ഞുവീഴ്ച തുടരുന്ന പ്രാദേശങ്ങൾ ഉണ്ട്. സ്‌കോട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ സ്‌കോട്‌ലൻഡ് എന്നിവിടങ്ങളില്‍ പൊതുജനം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് ഉണ്ട്.

ഇംഗ്ലണ്ടിന്റെ നോര്‍ത്ത്, മിഡ്ലാന്‍ഡ്സ്, സൗത്ത് വെസ്റ്റ് എന്നിവിടങ്ങളിലും കാലാവസ്ഥ സങ്കീർണ്ണമാണ്. ഇവിടങ്ങളിൽ കഠിനമായ തണുത്ത കാലാവസ്ഥയാണ് ഉള്ളത്. സ്‌കോട്‌ലൻഡ്, നോർത്തേൺ അയര്‍ലന്‍ഡ്, നോര്‍ത്ത് വെയില്‍സ്, വടക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ 40-60mph (65-96km/h) വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ് ഉണ്ടായിരുന്നത്.

ചില റോഡുകളില്‍ മഞ്ഞുവീഴ്ച മൂലം വാഹന ഗതാഗതം പ്രതിസന്ധിയിലായിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും റോഡ്, റെയിൽ, വിമാന യാത്രകൾ ബുദ്ധിമുട്ടിലായിട്ടുണ്ട്. ചിലയിടങ്ങളിൽ സർവീസുകൾ വരെ റദ്ദായിട്ടുണ്ട്. ശനിയാഴ്ച വരെ, വെയിൽസിലെ 1,186 വീടുകളിലും തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ 819 വീടുകളിലും വൈദ്യുതി ഇല്ലെന്ന് നാഷനൽ ഗ്രിഡ് പറഞ്ഞു.

ആയിരക്കണക്കിന് വീടുകൾക്ക് വൈദ്യുതിയില്ല. മഴയ്ക്കും കാറ്റിനുമുള്ള യെലോ അല‍ർട്ടും വെള്ളപ്പൊക്ക മുന്നറിയിപ്പുകളും ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്‌ലൻഡ് എന്നിവിടങ്ങളിൽ നിലവിലുണ്ട്. ഇംഗ്ലണ്ടിൽ മഞ്ഞുവീഴ്ച കാരണം നിരവധി എ-റോഡുകൾ അടച്ചു. അതേസമയം നോർത്തേൺ റെയിൽ ഉൾപ്പടെ നിരവധി റെയിൽ കമ്പനികൾ സർവീസുകൾ റദ്ദാക്കാൻ നിർബന്ധിതരായി.

ന്യൂകാസിൽ എയർപോർട്ട്, ലീഡ്‌സ് ബ്രാഡ്‌ഫോർഡ് എയർപോർട്ട് എന്നിവിടങ്ങളിൽ നിരവധി ഫ്ലൈറ്റ് സർവീസുകൾ വൈകി. മഞ്ഞുവീഴ്ചയുടെ സാധ്യത കണക്കിലെടുത്ത് യോർക്ക്ഷയറിലെയും വടക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെയും റോഡുകളിൽ മഞ്ഞുവീഴ്ചയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ മൊത്തത്തിൽ 35 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഇപ്പോഴും തുടരുന്നുണ്ട്.‌

സ്കോട്‌ലൻഡിൽ കഴിഞ ദിവസം പ്രതീക്ഷിച്ചതിലും കൂടുതൽ മഞ്ഞുവീഴ്ചയുണ്ടായി. ഇത് മൂലം കനത്ത ഗതാഗതക്കുരുക്കിനും ഒന്നിലധികം റോഡുകൾ അടയ്ക്കുന്നതിനും കാരണമായി. ചില ബസുകൾ എഡിൻബർഗിലും പരിസര പ്രദേശങ്ങളിലും വ്യാപകമായിട്ടുള്ള 70 സർവീസുകൾ നിർത്തിവച്ചു. സ്കോട്ട്‌റെയിൽ സർവീസുകൾക്ക് കാലതാമസവും റദ്ദാക്കലും ഉണ്ടായി.

ഫിർത്ത് ഓഫ് ഫോർത്തിന് കുറുകെയുള്ള ക്വീൻസ്ഫെറി ക്രോസിങ് മഞ്ഞുവീഴ്ചയുടെ ഭീഷണിയെത്തുടർന്ന് അടച്ചു. നിരവധി സ്കോട്ടിഷ് ഫുട്ബോൾ മത്സരങ്ങളും റദ്ദാക്കി. സൗത്ത് വെയിൽസിൽ ശനിയാഴ്ച 150 മില്ലിമീറ്റർ വരെ മഴ പെയ്തു. ഇവിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. നോർത്ത് വെയിൽസിലെ ഡെൻബിഗ്ഷെയറിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഒരു വീട്ടിൽ നിന്ന് അഞ്ച് മുതിർന്നവരെയും അഞ്ച് കുട്ടികളെയും രക്ഷപ്പെടുത്തി.

വെയിൽസിൽ എട്ട് വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിൽ ഉണ്ട്. ശനിയാഴ്ച രാവിലെ സ്റ്റോം ബെർട്ടിൽ നിന്നുള്ള കാറ്റ് ശക്തമായി വീശി. 75 മുതൽ 82 മൈൽ വേഗതയിൽ ഇവിടങ്ങളിൽ ഉയർന്ന കാറ്റ് രേഖപ്പെടുത്തി. സ്കോട്ലൻഡിലെ കെയർൻഗോം പർവതനിരകളിൽ മഞ്ഞുവീഴ്ചയും മണിക്കൂറിൽ 105 മൈൽ വരെ വേഗതയുള്ള കാറ്റും കണ്ടു.

ശക്തമായ കാറ്റ് ഗ്ലോസസ്റ്റർഷെയറിനെയും സൗത്ത് വെയിൽസിനെയും ബന്ധിപ്പിക്കുന്ന സെവേൺ പാലം അടച്ചിടാൻ നിർബന്ധിതമാക്കി. ഫെറി കമ്പനികളെയും ബാധിച്ചു. ഹൈപ്പ് പാർക്കും കെൻസിങ്ടൺ ഗാർഡൻസും ഉൾപ്പെടുന്ന ലണ്ടനിലെ രാജകീയ പാർക്കുകളിൽ എട്ടെണ്ണവും ഇന്ന് അടച്ചിടുമെന്നും ശക്തമായ കാറ്റിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം തിങ്കളാഴ്ച തുറക്കുന്നത് വൈകുമെന്നും അറിയിച്ചു. നോർത്തേൺ അയർലൻഡിലെ പ്രദേശങ്ങളിലും കനത്ത മഴ മൂലം വെള്ളപ്പൊക്കമുണ്ടായി. 60,000 ഉപഭോക്താക്കളാണ് വൈദ്യുതി ഇല്ലാതെ വലഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.