സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ആഞ്ഞുവീശിയ ഡാറ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. 145 കിമീ വേഗത്തിലാണ് കാറ്റ് വീശിയത്. കാറ്റ് തീരപ്രദേശങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ 86,000 വീടുകളിൽ വൈദ്യുതി മുടങ്ങി. കനത്ത മഴയെത്തുടർന്ന് രാജ്യവ്യാപകമായി വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 30 ലക്ഷം ആളുകൾക്കാണ് സർക്കാർ അടിയന്തര മുന്നറിയിപ്പ് നൽകിയത്.
വെയിൽസിലും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലുമുള്ള താമസക്കാരോട് പകൽ 3 മണി മുതൽ 11 മണി വരെ വീടിനുള്ളിൽ തുടരാൻ നിർദേശം നൽകി. കനത്ത മഴയെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിലും നെതർലാൻഡ്‌സിലെ ഷിഫോൾ വിമാനത്താവളത്തിലും വിമാനങ്ങൾ റദ്ദാക്കി. വെയിൽസ് വടക്കൻ തീരത്ത് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അയർലന്‍ഡിൽ നാല് ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം നഷ്ടമായി. സ്ഥിതിഗതികൾ മുന്നിൽക്കണ്ട് സർക്കാർ റെഡ് വാണിങ് പുറപ്പെടുവിച്ചിരുന്നു.
വെയിൽസിനും തെക്കൻ ഇംഗ്ലണ്ടിനും കുറുകെയുള്ള പ്രധാന പാലങ്ങൾ അടച്ചു. വെയിൽസ് വടക്കൻ തീരത്ത് ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. കാറിലേക്ക് മരം വീണ് ഒരാൾ മരിച്ചുവെന്ന് ലങ്കാഷെയർ പോലീസ് അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. വൈദ്യുത ബന്ധം പുനസ്ഥാപിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരാകാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് ബ്രിട്ടൻ നിർദേശം നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല