അലക്‌സ് വര്‍ഗീസ്: പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയം മെത്രാഭിഷേക വേദി… ചരിത്രത്തിലാദ്യമായി മത്സരത്തിനല്ലാതെ മറ്റൊരു കാര്യത്തിന് മൈതാനം വിട്ടു നല്‍കി ഫുട്‌ബോള്‍ അസോസിയേഷനും സിറ്റി കൗണ്‍സിലും ഗ്രേറ്റ് ബ്രിട്ടന്റെ സീറോ മലബാര്‍ മെത്രാനായി അഭിഷിക്തനാകുന്ന മാര്‍. ജോസഫ് സ്രാമ്പിക്കലിന്റെ അഭിഷേക വേദി പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയം. ഇംഗ്ലണ്ടിലെ പ്രമുഖ ഫുട്ബാള്‍ മൈതാനങ്ങളില്‍ ഒന്നാണിത്. 25,000 ഓളം പേരെ ഉള്‍ക്കൊള്ളാവുന്ന സ്‌റ്റേഡിയത്തില്‍ പ്രത്യേക മെത്രാഭിഷേകവേദി ക്രമീകരിക്കും. ചരിത്രത്തിലാദ്യമായാണ് ഫുട്ബാള്‍ മത്സരത്തിനല്ലാതെ മറ്റൊരു കാര്യത്തിനായി സ്‌റ്റേഡിയം ഉപയോഗിക്കുന്നത്.
ലങ്കാസ്റ്റര്‍ രൂപതാ മെത്രാന്‍ റൈറ്റ്. റവ. മൈക്കിള്‍ കാംബെല്‍, മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളുടെ ജനറല്‍ കണ്‍വീനര്‍ റവ. ഫാ. തോമസ് പാറയടി, ജോയിന്റ് കണ്‍വീനറും പ്രാദേശിക ചുമതലക്കാരനുമായ റവ. ഫാ. മാത്യു ചുരകപൊയ്കയില്‍, മറ്റ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരും പ്രസ്റ്റണ്‍ സിറ്റി കൗണ്‍സിലിന്റെയും ഫുട്ബാള്‍ അസോസിയേഷന്റെയും ഉന്നതാധികാരികളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്‌റ്റേഡിയം വിട്ടു നല്‍കാന്‍ തീരുമാനമായത്. ഇത് ചരിത്രപരമായ തീരുമാനമാണെന്നും ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ വരുന്ന എല്ലാവര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ഈ തീരുമാനം അവസരമൊരുക്കുമെന്നും ജോയിന്റ് കണ്‍വീനര്‍ ഫാ. മാത്യു ചുരകപൊയ്കയില്‍ അഭിപ്രായപ്പെട്ടു. സ്‌റ്റേഡിയത്തിന് സമീപത്തും പരിസര പ്രദേശങ്ങളിലും ബസ്, കാര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് മതിയായ പാര്‍ക്കിങ് സൗകര്യം സൗകര്യമുണ്ടായിരിക്കും. സുരക്ഷാക്രമീകരണങ്ങള്‍ മുന്‍ നിര്‍ത്തി പാസ് മൂലമായിരിക്കും ആളുകളെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. ആംബുലന്‍സ്, ഫയര്‍ തുടങ്ങിയ ആവശ്യസജ്ജീകരണങ്ങള്‍ സ്‌റ്റേഡിയത്തിനു സമീപത്തു ഒരുക്കിയിട്ടുണ്ട്. സ്‌റ്റേഡിയത്തില്‍ നിന്ന് തന്നെ ക്രമീകരിക്കുന്ന ലഘുഭക്ഷണ കേന്ദ്രങ്ങളും ലഭ്യമായിരിക്കും. ഇംഗ്ലണ്ട് ഫുട്ബാള്‍ താരമായിരുന്ന സര്‍. തോമസ് ഫിന്നിയുടെ (19212014) ചേര്‍ന്നാണ് പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്‌റ്റേഡിയം അറിയപ്പെടുന്നത്. 569 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്കായി അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. അനേകം തവണ ദേശീയ ടീമിലും അംഗമായിരുന്നിട്ടുണ്ട്. 2014 ല്‍ അദ്ദേഹം വിട പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭൗതീക ശരീരം സ്‌റ്റേഡിയത്തില്‍ പൊതു ദര്‍ശനത്തിന് വച്ചിരുന്നു.ഒക്ടോബര്‍ ഒന്‍പതാം തീയതി ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോട് കൂടിയാണ് മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. സീറോ മലബാര്‍ തലവന്‍ ആലഞ്ചേരി പിതാവുള്‍പ്പടെ നിരവധി പിതാക്കന്മാരും നൂറു കണക്കിന് വൈദികരും പതിനായിരക്കണക്കിന് വിശ്വാസ സമൂഹവും ചരിത്രനിമിഷങ്ങളില്‍ സാക്ഷിയായി ദൈവത്തിനു നന്ദി പറയും. ഇന്ത്യയില്‍ നിന്നും റോമില്‍ നിന്നും ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങിനെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഭിവന്ദ്യ മാര്‍. മൈക്കിള്‍ കാംബെല്‍ പിതാവിന്റെ നേതൃത്വത്തില്‍ വൈദികരുടെയും സിസ്‌റ്റേഴ്‌സിന്റെയും അല്‍മായരുടെയും പങ്കാളിത്തത്തോടെ 15 ഓളം വിവിധ കമ്മിറ്റികളിലായി ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. അതേ സമയം ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ വിവിധ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് ബഹു. ചാപ്ലിയന്‍മാരുടെയും മറ്റു വൈദികരുടെയും നേതൃത്വത്തില്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കാളികളാകുവാനുള്ള ഒരുക്കങ്ങള്‍ ചെയ്തു വരുന്നു.
സ്‌റ്റേഡിയത്തിന്റെ അഡ്രസ്: PRESTON NORTH END,PR16RU ,PRESTON ,SIR TOM FINNEY ROAD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല