
സ്വന്തം ലേഖകൻ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ പഴയ മെട്രാഷ് 2 മൊബൈൽ ആപ്ലിക്കേഷൻ മാർച്ച് 1 മുതൽ പ്രവർത്തനരഹിതമായിരിക്കും. രാജ്യത്തെ സ്വദേശികളും പ്രവാസി താമസക്കാരും മെട്രാഷിന്റെ പുതിയ ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണമെന്നും മന്ത്രാലയം അധികൃതർ നിർദേശിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് കൂടുതൽ സേവനങ്ങളോടെ മെട്രാഷ് 2 ആപ്പിന്റെ പുതിയ പതിപ്പ് അധികൃതർ പുറത്തിറക്കിയത്. മന്ത്രാലയത്തിന്റെ ഇ–സേവനങ്ങൾക്കായാണ് മെട്രാഷ് 2 ആപ് ഉപയോഗിക്കുന്നത്. മെട്രാഷിന്റെ പുതിയ ആപ് ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഐഒഎസ് വേർഷൻ 13, ആൻഡ്രോയിഡ് വേർഷൻ 29 എന്നിവയിലും പുതിയ ആപ് ലഭ്യമാണ്.
കൂടുതൽ സേവനങ്ങളും പുതുമകളുമായാണ് ഉപയോക്തൃ സൗഹൃദ ഡിസൈനിൽ പുതിയ ആപ് പുറത്തിറക്കിയത്. പുതിയ പെയ്മെന്റ് സംവിധാനം, വ്യക്തിഗത അഥോറൈസേഷൻ, സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ, റീപ്രിന്റ്, ഭാര്യയുടെയും കുട്ടികളുടെയും വിവരങ്ങൾ റജിസ്റ്റർ ചെയ്യൽ എന്നിവയും പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നു. റസിഡൻസി പെർമിറ്റ് അപേക്ഷിക്കൽ, പുതുക്കൽ, ഡ്രൈവിങ് ലൈസൻസ്, ഗതാഗത ലംഘനം റിപ്പോർട്ട് ചെയ്യൽ തുടങ്ങിയവ ഉൾപ്പെടെ 250 തിലധികം സേവനങ്ങളാണ് മെട്രാഷിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല