1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2021

സ്വന്തം ലേഖകൻ: ഖത്തറിലേക്കുള്ള കുടുംബ സന്ദര്‍ശക വിസകള്‍ക്ക് മെട്രാഷ് ആപ്പിലൂടെ അപേക്ഷിക്കാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ ലഫ്റ്റനന്റ് കേണല്‍ ഡോ. സഅദ് ഉവൈദ അല്‍ അഹ്ബാബിയാണ് ഇക്കാര്യം അറിയിച്ചത്.

ഭാര്യ/ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കും മാതാപിതാക്കള്‍, സഹോദരീ സഹോദരന്‍മാര്‍ തുടങ്ങിയവര്‍ക്കുമാണ് വിസിറ്റ് വിസ അനുവദിക്കുക. ഇതില്‍ ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരെ വിസിറ്റ് വിസയില്‍ കൊണ്ടുവരണമെങ്കില്‍ അപേക്ഷിക്കുന്ന പ്രവാസിക്ക് ചുരുങ്ങിയത് 5000 റിയാല്‍ മാസ ശമ്പളം ഉണ്ടായിരിക്കണം. മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരെ കൊണ്ടുവരാനാണെങ്കില്‍ 10,000 റിയാലാണ് കുറഞ്ഞ മാസ ശമ്പള പരിധി.

നിശ്ചിത ശമ്പളം ഉണ്ടെന്ന കാര്യം തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയിരിക്കണം. മെട്രാഷ് ആപ്പിലൂടെയാണ് ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്കുള്ള വിസിറ്റ് വിസ അപേക്ഷ നല്‍കേണ്ടത്. വിസ അപേക്ഷയോടൊപ്പം തൊഴിലുടമയില്‍ നിന്നുള്ള എന്‍ഒസി, കമ്പനി കാര്‍ഡിന്റെ പകര്‍പ്പ്, വിസിറ്റ് വിസയില്‍ വരുന്ന വ്യക്തിയുടെ പാസ്‌പോര്‍ട്ട് കോപ്പി, അപേക്ഷകന്റെ ഐഡി കാര്‍ഡ്, സന്ദര്‍ശകര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ്, വരുന്നതിനും തിരികെ പോകുന്നതിനുമുള്ള വിമാന ടിക്കറ്റിന്റെ പകര്‍പ്പ്, ബന്ധം കാണിക്കുന്നതിനുള്ള തെളിവ് (ഭാര്യയോ ഭര്‍ത്താവോ ആണ് വരുന്നതെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, മക്കളാണെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), ലേബര്‍ വിഭാഗം സാക്ഷ്യപ്പെടുത്തിയ തൊഴില്‍ കരാര്‍ എന്നിവയും ആവശ്യമാണ്.

സന്ദര്‍ശക വിസയില്‍ വരുന്നവര്‍ അപേക്ഷകന്റെ മാതാപിതാക്കളോ സഹോദരങ്ങളോ ആണെങ്കില്‍ മെട്രാഷ്-2 ആപ്പിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. നേരത്തേ പറഞ്ഞ രേഖകള്‍ക്കു പുറമെ, ഭാര്യ ഖത്തറിലുണ്ടെങ്കില്‍ അവരുടെ റെസിഡന്‍സി കാര്‍ഡിന്റെ കോപ്പി, സന്ദര്‍ശകനുമായുള്ള ബന്ധം കാണിക്കുന്ന രേഖ എന്നിവ കൂടി വേണം.

അതിനിടെ, ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസ നവംബര്‍ 15 മുതല്‍ പുനരാരംഭിക്കുമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ അറിയിച്ചു. ആദ്യം അപേക്ഷിക്കുന്ന അഞ്ചു ലക്ഷം പേര്‍ക്ക് സൗജന്യമായി വിസ നല്‍കും. നാല് മാസം വരെ ഇന്ത്യയില്‍ തങ്ങാന്‍ കഴിയുന്ന സന്ദര്‍ശക വിസയാണ് അനുവദിക്കുക. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സന്ദര്‍ശക വിസ നിര്‍ത്തിവച്ചിരുന്നു.

പുതിയ തീരുമാനത്തോടെ നവംബര്‍ 15 മുതല്‍ ഖത്തറിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസയില്‍ യാത്ര ചെയ്യാം. ഒക്ടോബര്‍ 15 മുതല്‍ ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നുവെങ്കിലും ചാര്‍ട്ടര്‍ വിമാനങ്ങളില്‍ മാത്രമായിരുന്നു യാത്ര അനുവദിച്ചിരുന്നത്. ദോഹ എക്സിബിഷന്‍ സെന്ററില്‍ നടക്കുന്ന ഹോസ്പിറ്റാലിറ്റി ഖത്തര്‍ 2021 പ്രദര്‍ശനത്തിലെ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ പവലിയന്‍ ഉദ്ഘാടനം ചെയ്യവെയാണ് അംബാസഡര്‍ ഇക്കാര്യം അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.