സ്വന്തം ലേഖകന്‍: ജയില്‍ ചാട്ട വീരനായ മെക്‌സിക്കന്‍ മാഫിയ തലവന്‍ ഗുസ്മാന്‍ വീണ്ടും രക്ഷപ്പെട്ടു, ഇത്തവണ 1.5 കിലോ മീറ്റര്‍ തുരങ്കം വഴി. മെക്‌സിക്കോയിലെ അതീവ സുരക്ഷിത ജയിലില്‍ നിന്നാണ് ഗുസ്മാന്‍ രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രി ഒന്‍പതിനു ജയിലിലെ പൊതുകുളി സ്ഥലത്താണു ഗുസ്മാനെ അവസാനമായി കണ്ടത്.
ജയിലിനുള്ളിലെ രഹസ്യ ക്യാമറകളുടെയെല്ലാം കണ്ണുവെട്ടിച്ചാണു ഗുസ്മാന്‍ മുങ്ങിയത്. പതിവു പരിശോധനയ്ക്കിടെ ഗുസ്മാന്റെ മുറി ശൂന്യമായി കാണുകയായിരുന്നു. പ്രദേശത്തെ വിമാനത്താവളങ്ങള്‍ അടച്ചും റോഡ് തടഞ്ഞും വ്യാപക പരിശോധന നടക്കുന്നുണ്ട്.
1993 ല്‍ ഗ്വാട്ടിമാലയില്‍നിന്നാണ് ആദ്യം ഗുസ്മാന്‍ പിടിയിലായത്. 20 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും മെക്‌സിക്കോയിലെ മറ്റൊരു വലിയ ജയിലില്‍നിന്നു 2001 ല്‍ ചാടി. അലക്കു തുണികള്‍ കൊണ്ടുപോകുന്ന കൈവണ്ടിയില്‍ ഒളിച്ചാണ് അന്നു ജയില്‍ ചാടിയത്. പിന്നീടു കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണു പിടിയിലായത്. ലഹരി കടത്തിനു യുഎസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രതിപ്പട്ടികയിലും ഗുസ്മാനുണ്ട്. ഇയാളെ കൈമാറണമെന്നു യുഎസ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല