
സ്വന്തം ലേഖകൻ: മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ പഞ്ചാബില്‍ നിന്നും ഹരിയാണയില്‍ നിന്നുമുള്ള മുന്നൂറിലധികം പേര്‍ മെക്‌സിക്കോയിലെത്തിയത് ഇന്ത്യയിലേക്ക് തന്നെ തിരിച്ചയ്ക്കപ്പെടാനായിരുന്നു. രോഗമോ, ദാഹമോ, കുടിയേറ്റക്കാരെ തടയുന്നതിനുള്ള സംവിധാനങ്ങള്‍ ഇവയൊന്നും അവരുടെ അമേരിക്ക എന്ന സ്വപ്നത്തെ തളര്‍ത്താന്‍ പോന്നതായിരുന്നില്ല. പക്ഷെ എത്തിച്ചേര്‍ന്നിടത്ത് നിന്ന് സ്വന്തം രാജ്യത്തേക്ക് മടങ്ങാനായിരുന്നു അവരുടെ വിധി.
311 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സംഭവിച്ചതും അതുതന്നെ. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങയിൽ നിന്നുള്ള യുവാക്കളായിരുന്നു തട്ടിപ്പിന് ഇരയായി തിരിച്ച് ഇന്ത്യയിലേക്കുതന്നെ നാടുകടത്തപ്പെട്ടത്. പലരും കൃഷിക്കാരുടെ കുടുംബങ്ങളിൽ നിന്നുള്ളവർ. ഉള്ളതെല്ലാം വിറ്റുപെറുക്കി അമേരിക്ക പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവർ. യൂട്യൂബിൽ ഇത്തരത്തിലുള്ള യാത്രകളുടെ വീഡിയോകൾ കണ്ടും, ഇങ്ങനെ അനധികൃതമായി പുറപ്പെട്ടുപോയി അമേരിക്കയിൽ സുഖജീവിതം നയിക്കുന്നവരുടെ മോഹിപ്പിക്കുന്ന കഥകൾ കേട്ടും മനസ്സിളകി വന്നവർ.
അവരെ അമേരിക്കയിൽ എത്തിക്കാം എന്നേറ്റ സംഘം വളരെ നീണ്ട ഒരു യാത്രയ്ക്കാണ് അവരെ കൊണ്ടുപോയത്. നേർവഴിക്ക് ചെന്നാൽ അമേരിക്ക വിസ കൊടുക്കില്ല എന്നുറപ്പുള്ളവർ പലരും ലക്ഷങ്ങൾ ചെലവിട്ടാണ് അങ്ങനെ ഒരു അപകടയാത്രയ്ക്ക് തുനിഞ്ഞിറങ്ങിയത്. എന്നാൽ, തങ്ങൾ ഏറ്റെടുക്കാൻ പോകുന്ന റിസ്കിന്റെ പാരമ്യത്തെപ്പറ്റി അവർക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ആ യാത്രയിൽ കടന്നുപോകാനിരിക്കുന്ന ദുരിതങ്ങളെപ്പറ്റി അവർക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അവർ ഒരിക്കലും ഇല്ലാത്ത പണവും സ്വരുക്കൂട്ടി അങ്ങനെ ഒരു അബദ്ധസഞ്ചാരത്തിന് മുതിരില്ലായിരുന്നു. 15-20 ലക്ഷം രൂപയാണ് ഇവരൊക്കെയും തങ്ങളുടെ വിസ ഏജന്‍റുമാര്‍ക്ക് നൽകിയത്.
അവരെ കൊണ്ടുപോയ സംഘം, ആദ്യംതന്നെ അവരെ വിമാനമാർഗം എത്തിച്ചത് ഇക്വഡോർ എന്ന ദക്ഷിണ അമേരിക്കയുടെ കിഴക്കൻ തീരത്തു കിടക്കുന്ന കുഞ്ഞുരാജ്യത്താണ്. പിന്നെ കരമാർഗം, കൊളംബിയ, ബ്രസീൽ, പെറു, പനാമ, കോസ്റ്റാറിക്ക, നിക്കരാഗ്വ, ഹോണ്ടുറാസ്, ഗ്വാട്ടിമാല എന്നിങ്ങനെ ഒരു സൗത്തമേരിക്കൻ പര്യടനം നടത്തിയശേഷം അവർ മെക്സിക്കോയിൽ എത്തുന്നു. അവിടെ അവരെ തല്ലിപ്പൊളി ലോഡ്ജുകളിൽ പാർപ്പിക്കുന്നു. പലതരത്തിലും എമിഗ്രേഷൻ ചെക്ക് പോയന്റുകൾ കടക്കുന്നു അതിനിടെ.
ദാഹിച്ച് തൊണ്ട വരളുമ്പോഴും അമേരിക്കയിലെത്തിയാല്‍ ലഭിക്കുന്ന സുഖസൗകര്യങ്ങളായിരുന്നു സംഘത്തിലെ 311 പേരുടേയും മനസില്‍. കാട്ടിലൂടെയുള്ള യാത്രയ്ക്കിടെ പാദങ്ങള്‍ പൊട്ടിയടര്‍ന്നു, വിശപ്പും ദാഹവും പലപ്പോഴും തളര്‍ത്താന്‍ നോക്കിയെങ്കിലും അവര്‍ തോല്‍വി സമ്മതിച്ച് പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. ഇതെല്ലാം കടന്ന് മെക്‌സിക്കോയിലെത്തിയെങ്കിലും അമേരിക്കന്‍ സ്വപ്‌നം ഒരു മരീചികയായി കരുതി അവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നു.
അനധികൃത കുടിയേറ്റത്തിന് മെക്‌സിക്കോ നാടുകടത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് ടെലൂക്ക സിറ്റി അന്താരാഷ്ട്രവിമാനത്താവളത്തില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ഇവരെ തിരിച്ചയച്ചത്. 74 മെക്‌സിക്കന്‍ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. മെക്‌സിക്കോയില്‍ താമസിക്കുന്നതിനാവശ്യമായ രേഖകളില്ലാത്തതിനാലാണ് നാടുകടത്തുന്നതെന്ന് നാഷണല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എന്‍.എം.) പ്രസ്താവനയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല